സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടായ ഭൂമി വിൽപ്പന വിവാദം സംബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോഗിച്ച ബിഷപ്പുമാരുടെ സമിതി ഉടൻ റിപ്പോർട്ട് നൽകും.

സിനഡൽ സമിതി എറണാകുളം-അങ്കമാലി അതിരൂപയിലെ വൈദിക സമിതി അംഗങ്ങളുമായി ഇന്ന് ചർച്ച നടത്തി. ഭൂമി വിൽപ്പന സംബന്ധിച്ച അന്വേഷണം നടത്തിയ കമ്മീഷന്രെ അന്തിമ റിപ്പോർട്ടിന്രെ പശ്ചാത്തലത്തിലാണ് സിനഡൽ സമിതി വൈദിക സമിതിയുമായി ചർച്ച നടത്തിയത്. വൈദിക സമിതി അംഗങ്ങളുമായുളള ചർച്ചയിൽ അഭിപ്രായങ്ങൾ കേൾക്കുകയും ഈ വിഷയത്തിലെ സംശയങ്ങൾ ഉന്നയിച്ച് അവ പരിഹരിക്കുകയും ചെയ്തു.

സിനഡ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സിനഡ് ഈ വിഷയത്തിൽ ഉചിതവും ക്രിയാത്മകവുമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

എറണാകുളത്ത് ചേർന്ന സീറോ മലബാർ സഭയുടെ സിനഡിലാണ് ആർച്ച് ബിഷപ്പ് മാർ മാത്യു മൂലേക്കാട്ടിനെ അധ്യക്ഷനാക്കി ബിഷപ്പുമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ