തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ സഭാ നേതൃത്വത്തെ ചോദ്യംചെയ്യുന്നത് വർധിക്കുന്ന  സാഹചര്യത്തിൽ സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചരെ ഉൾപ്പെടുത്തി സേന രൂപീകരിച്ച് കത്തോലിക്ക സഭ. ‘ഗബ്രിയേൽ സേന’ എന്നാണ് ‘സൈന്യ’ത്തിന്റെ പേര്. ദൈവത്തിന്റെ ദൂതനും സംരക്ഷകരായ ഏഴ് മാലാഖമാരില്‍ ഒരാളുമായാണ് ഗബ്രിയേൽ മാലാഖയെ ബൈബിളിൽ പറയുന്നത്.

കണ്ണൂരിൽ തലശേരി അതിരൂപതയുടെ കീഴില്‍ കഴിഞ്ഞമാസമാണ് ഗബ്രിയേൽ സേന രൂപീകരിച്ചത്. സഭയുടെ പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുകയാണ് സേനയുടെ പ്രധാന ചുമതല. സേനയുടെ ആദ്യ യോഗം കണ്ണൂരിലെ തളിപ്പറമ്പില്‍ നവംബര്‍ 15 ന് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. സേന രൂപകരിച്ചത് വിവാദമായ സാഹചര്യത്തിൽ തുടർ നടപടികൾ നിർത്തിവയ്ക്കാനുളള ആലോചന സഭയ്ക്കുളളിൽ നടക്കുന്നുണ്ട്.

ലൈംഗികാരോപണം മുതൽ ഭൂമി വിവാദം വരെയുളള നിരവധി വിഷയങ്ങളിൽ പുരോഹിതന്മാരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സേനയുടെ രൂപീകരണം. അടുത്തിടെ ഭൂമി വിവാദത്തിൽ അകപ്പെട്ട കർദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം വൈദികർ എറണാകുളത്തെ സഭാ ആസ്ഥാനമായ കർദിനാൾ ഹൗസിലേക്ക് മാർച്ച് നടത്തിയിരുന്നു.

കഴിഞ്ഞ വർഷം കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ദർ അതിരൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ ഒരു കൂട്ടം കന്യാസ്ത്രീകൾ നടത്തിയ സമരവും പിന്നീട് അദ്ദേഹത്തിന്റെ അറസ്റ്റും സഭയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവങ്ങളാണ്.

വിരമിച്ച സൈനിക-അർധ സൈനികർ വിശ്വാസ സംരക്ഷകരും ആദർശത്തിന്റെ യോദ്ധാക്കളുമായിരിക്കുമെന്ന് ഗബ്രിയേൽ സേന ഡയറക്ടർ ഫാ.മാത്യു ആശാരിപ്പറമ്പിൽ പറഞ്ഞു. ”ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനാണ് സേനയുടെ സേവനം പ്രധാനമായും ഉപയോഗിക്കുക. ഒരു സംഘമെന്നതിനെക്കാൾ, മുൻ സൈനിക ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായിരിക്കും സേന. നവംബർ 15 ന് നടക്കുന്ന ആദ്യയോഗത്തിൽ 150 ഓളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഡിസംബറിൽ കണ്ണൂരിലെ ഒരു പള്ളി സംഘടിപ്പിക്കുന്ന കർഷകറാലിയിൽ സേനയിലെ അംഗങ്ങളെ ആദ്യമായി വിന്യസിക്കും,” വൈദികൻ പറഞ്ഞു.

സേനയ്ക്ക് യാതൊരുവിധ സാമുദായിക അജണ്ടയില്ലെന്നും കത്തോലിക്ക സഭയിലെ ആർക്കും ഇതിൽ ചേരാമെന്നും ഫാ.ആശാരിപ്പറമ്പിൽ പറഞ്ഞു. വിരമിച്ച എല്ലാ സൈനികരും സേനയിൽ ചേരണമെന്ന് ഞങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. മറ്റ് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ സേനയിൽ ചേർന്നാലും അവരുടെ പ്രവർത്തനങ്ങൾ തുടരാമെന്നും വൈദികൻ പറഞ്ഞു.

പളളിക്കായി തന്റെ സേവനം വിനിയോഗിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിരമിച്ച സൈനികൻ ടി.അലക്സാണ്ടർ പറഞ്ഞു. ”മുൻ സൈനികരായ ഞങ്ങൾക്ക് കഴിവുകളുണ്ട്. വോളന്റിയർമാരായി പ്രവർത്തിക്കാനും പള്ളി സംഘടിപ്പിക്കുന്ന പരിപാടികൾ കൈകാര്യം ചെയ്യാനും ഞങ്ങൾക്ക് കഴിയും,” 2015 ൽ മദ്രാസ് എൻജിനീയർ ഗ്രൂപ്പിൽനിന്നു ഹവിൽദാറായി വിരമിച്ച അലക്സാണ്ടർ പറഞ്ഞു.

തന്റെ സേവനം പളളിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വിരമിച്ച മറ്റൊരു സൈനികനായ കെ.ജോർജ് പറഞ്ഞു. ”വിമുക്തഭടന്മാരെ ഉൾപ്പെടുത്തി ഒരു പ്രൊഫഷണൽ സംഘടന ഞങ്ങൾക്കിപ്പോഴുണ്ട്. വോളന്റിയർമാരായി ഞങ്ങളുടെ സേവനം ആവശ്യപ്പെടുന്നതിനെ ഞങ്ങൾ സ്വീകരിക്കുന്നു. പക്ഷേ സേനയെ അസോസിയേഷനായി മാറ്റിയാൽ അതിന്റെ ഭാഗമാകില്ല,” അദ്ദേഹം പറഞ്ഞു.

”പളളികൾ തമ്മിൽ പരമാധികാരത്തിനും സ്വത്തിനും പളളികളുടെ നിയന്ത്രണത്തിനും വേണ്ടി പരസ്പരം പോരടിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു സേനയുടെ രൂപീകരണം ഭയപ്പെടുത്തുന്ന പ്രവണതയാണ്. പ്രത്യേകിച്ചും പുരോഹിതന്മാരെ എതിർക്കുന്ന വിശ്വസ്തരെ ഭയപ്പെടുത്താൻ അവരുടെ സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ” കത്തോലിക്കാ സഭ പുതുതായി സേന രൂപീകരിച്ചതിനെക്കുറിച്ച് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ജോർജ് ജോസഫ് പറഞ്ഞു.

അടുത്തിടെ മധ്യകേരളത്തിൽ പളളിത്തർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലടിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.