തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് ഒരേ സമീപനമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിലൂടെ സുപ്രീം കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി നടപ്പിലാക്കാത്തതില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോടതി നിരീക്ഷിച്ചു. കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ബിഹാര്‍ ചീഫ് സെക്രട്ടറിയുടെ അനുഭവം കേരള ചീഫ് സെക്രട്ടറിക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

Read Also: മാന്ദാമംഗലം പളളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; 15 പേർക്ക് പരുക്ക്

സഭാ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും രംഗത്തെത്തിയിരുന്നു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പിലാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല എന്നായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം. പിറവം പള്ളിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്‌ദാനങ്ങള്‍ എല്‍ഡിഎഫ് പാലിച്ചില്ല. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്നും ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവ പറഞ്ഞു.

Read Also: Kerala Karunya Plus KN-272 Lottery Result Today: കാരുണ്യ പ്ലസ് KN-272 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

സഭാ തർക്ക കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ് സുപ്രീം കോടതി വിധി. എന്നാൽ, യാക്കോബായ വിഭാഗം എതിർപ്പുമായി രംഗത്തുണ്ട്. ഇതാണ് സർക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ പറയുമ്പോഴും അത് എങ്ങനെ എന്ന കാര്യത്തിൽ വ്യക്തതയില്ല. സഭാ നേതൃത്വങ്ങളുമായി ചർച്ച നടത്തി സമവായം കാണാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.