കൊച്ചി: സഭാ തർക്കത്തിൽ രൂക്ഷ നിലപാടുമായി യാക്കോബായ സഭ. ഓർത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്ന് യാക്കോബായ സഭ പറഞ്ഞു. കൗദാശികവും ആരാധനാപരവുമായ ബന്ധം വേണ്ടെന്ന് സൂനഹദോസിൽ തീരുമാനമായെന്നും യാക്കോബായ സഭ അറിയിച്ചു.

തങ്ങളുടെ പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നും ജോസഫ് മോര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.

മുളന്തുരുത്തി മാർത്തോമ്മൻ പള്ളി ഏറ്റെടുത്ത സർക്കാർ നിലപാട് യാക്കോബായ സഭ ചോദ്യം ചെയ്‌തു. പള്ളി പിടിച്ചെടുക്കാൻ മുളന്തുരുത്തിയിൽ നടന്നത് നരനായാട്ടാണെന്ന് സഭ വിമർശിച്ചു.

Read Also: Explained: 800 വർഷം പഴക്കമുള്ള മുളന്തുരുത്തി പള്ളി സർക്കാർ ഇപ്പോൾ ഏറ്റെടുക്കാൻ കാരണമെന്ത്?

“യാക്കോബായ സഭ നൂറ്റാണ്ടുകളായി കെെവശം വച്ചിരുന്ന പള്ളികൾ ഓരോന്നായി നഷ്‌ടപ്പെടുകയാണ്. മുളന്തുരുത്തി പള്ളി പിടിച്ചെടുക്കാൻ ഫോർട് കൊച്ചി ആർഡിഒയുടെ നേതൃത്വത്തിൽ നടന്നത് അനീതിയും മനുഷ്യത്തരഹിതവുമായ കാര്യങ്ങളാണ്. കോവിഡ് കാലത്ത് സർക്കാർ ഇത്ര തിരക്കിട്ട് പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചതിൽ സംശയമുണ്ട്. പള്ളികള്‍ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം” സഭ മേലധികാരികൾ പറഞ്ഞു.

ഒരു പതിറ്റാണ്ടോളമായി ഇരു സഭകളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ ഏറ്റവും ഒടുവില്ലാത്തെ സംഭവമാണ് മുളന്തുരുത്തി പള്ളിയിലെ സർക്കാർ ഇടപ്പെടൽ. എഡി 1200ൽ പണികഴിപ്പിച്ച പള്ളിയുടെ നിയന്ത്രണം യാക്കോബായ വിഭാഗത്തിന്റെ കെെയിലായിരുന്നു. എന്നാൽ 2017 ജൂലൈ മൂന്നിലെ വിധിപ്രകാരം ഉടമസ്ഥാവകാശം എതിർവിഭാഗമായ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണം. ഈ വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പള്ളിയിൽ സർക്കാർ ഇടപെടൽ ഉണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.