പത്തനംതിട്ട: സഭാ തർക്കത്തിൽ മുഖ്യമന്ത്രിക്ക് പക്ഷപാതമെന്ന ആരോപണവുമായി ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നത് ഖേദകരമെന്ന് ഓർത്തഡോക്സ് സഭ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
‘പദവിക്ക് നിരക്കാത്ത പക്ഷപാതമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. സഭാതർക്കം നിലനിർത്തി ലാഭം കൊയ്യാനുള്ള ശ്രമം ചെറുക്കും,’ ഓർത്തഡോക്സ് സഭ വ്യക്തമാക്കി.
ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണെന്ന് ഡോ.യുഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭയെക്കുറിച്ച് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് പറഞ്ഞത്. സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: 5887 പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 5029 പേർ
കേരള പര്യടനത്തിനിടെ മലപ്പുറത്ത് നടന്ന പരിപാടിയിൽ ഒരു വെെദികന്റെ ചോദ്യത്തിനു മറുപടിയായി ‘ഒത്തുതീര്‍പ്പുകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ വഴങ്ങുന്നില്ല’ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയത്.
അതേസമയം, യാക്കോബായ സഭ വെള്ളിയാഴ്ച മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനശ്ചിതകാല റിലേ സത്യാഗ്രഹം തുടങ്ങും. സഭ തര്‍ക്കം നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കുക, പള്ളി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.