കൊച്ചി: കായംകുളം കാദീശാ പള്ളി ഇടവകാംഗം മറിയാമ്മ ഫിലിപ്പിന്റെ സംസ്കാരം നടന്നു. കാദീശാ പള്ളിക്ക് തൊട്ടടുത്ത് യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള അഞ്ച് സെന്റ് സ്ഥലത്തായിരുന്നു സംസ്കാരം. ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു സംസ്കാരം വൈകിയത്. വിഷയത്തിൽ ഹൈക്കോടതി അടക്കം ഇടപെട്ടിരുന്നു.

കാദീശ പള്ളിയിൽ യാക്കോബായ വിഭാഗം കയറിയാൽ തടയാൻ ഇരുന്നൂറോളം ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിൽ തമ്പടിച്ചിരുന്നു.  വൻ പൊലീസ് സംഘവും പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. മൂന്നാം തീയതി നിര്യാതയായ മറിയാമ്മയുടെ സംസ്കാരം തർക്കത്തെ തുടർന്ന് ഒരാഴ്ച കഴിഞ്ഞാണ് നടന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മാന്ദാമംഗലം, വരിക്കോലി പള്ളികളിൽ സമാന സംഭവങ്ങൾ അരങ്ങേറിയത്  യാക്കോബായ വിശ്വാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വരിക്കോലി പള്ളിയിൽ യാക്കോബായ പക്ഷം എതിർപ്പവഗണിച്ച് സംസ്കാരം നടത്തുകയായിരുന്നു.

Read Also: സഭാ തര്‍ക്കം; 84 കാരിയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഒരാഴ്ച

കാദീശാ പള്ളി സെമിത്തേരിയിൽ സംസ്കാരത്തിനു അനുമതി തേടി മറിയാമ്മയുടെ മകൻ മാത്യു ഫിലിപ്പ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടേത് പ്രതികൂല നിലപാടായിരുന്നു. ഇതേ തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു.  കായംകുളം കാദീശാ പള്ളി ഇടവകാംഗവും യാക്കോബായ വിശ്വാസിയുമായ കോട്ടയിൽ മറിയാമ്മ ഫിലിപ്പിന്റെ (84) മൃതദേഹം സംസ്കരിക്കാൻ അനുമതി തേടി മകൻ മാത്യു ഫിലിപ്പ് സമർപ്പിച്ച ഉപഹർജി ഹൈക്കോടതി തള്ളുമെന്നായപ്പോഴാണ് പിൻവലിച്ചത്.

ഈ മാസം മൂന്നിന് നിര്യാതയായ മറിയാമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഓർത്തഡോക്സ് പക്ഷം എതിർപ്പുയർത്തിയതോടെയാണ് സംസ്കാരം മുടങ്ങിയത്.  സെമിത്തേരിയിൽ അതിക്രമിച്ചു കയറിയതിന് പൊലീസ് എതാനും പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മറിയാമ്മയുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി തേടി ഇടവകാംഗങ്ങൾ തിങ്കളാഴ്ച സമർപ്പിച്ച ഹർജി ജസ്റ്റിസ് സുനിൽ തോമസ് തീർപ്പാക്കിയിരുന്നു. കാദീശ പള്ളി 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണെന്നും ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്നവർക്ക് മാത്രമേ സെമിത്തേരിയിൽ സംസ്കാരത്തിന് അവകാശമുള്ളൂവെന്നും തങ്ങളുടെ വികാരിയെ സമീപിച്ചാൽ മാന്യമായ സംസ്കാരം ഉറപ്പാക്കുമെന്നും ഓർത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. ഇത് രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്.

ഓർത്തഡോക്സ് പക്ഷത്തെ സമീപിക്കാതെ യാക്കോബായ പക്ഷം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടനയുടെ അനുഛേദം 25 പ്രകാരം പൗരന് ഇഷ്ടമുള്ള വിശ്വാസം പിന്തുടരാൻ അവകാശം ഉണ്ടെന്നും ഇടവകാംഗത്തിന് സെമിത്തേരിയിൽ അടക്കത്തിന് അവകാശം ഉണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

സെമിത്തേരിയിൽ രണ്ടു വിഭാഗം വൈദികരുടെ സാന്നിധ്യം വേണ്ടെന്നും മറ്റെവിടെയെങ്കിലും ശുശ്രൂഷയ്ക്ക് ശേഷം അടക്കാൻ അനുവദിക്കണമെന്നുമായിരുന്നു മകന്റെ ആവശ്യം. സമാന്തര സംവിധാനം പാടില്ലെന്ന് സുപ്രീം കോടതി ഈ മാസം രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും മേൽക്കോടതി വിധി ലംഘിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തർക്കത്തിന്റെ മുഴുവൻ നിയമ വശങ്ങളും പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.