ന്യൂഡല്‍ഹി: മലങ്കര സഭയിലെ തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. ഓര്‍ത്തഡോക്സ് വിഭാഗമാണ് സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 2017 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ, സഭാ തര്‍ക്കം പരിഹാരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരിക്കുകയാണ് ചെയ്തതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. കേന്ദ്ര സേനയുടെ സഹായത്തോടെ കോടതി വിധി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പൊലീസിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ സമാന്തര ഭരണം നടത്തുകയാണ്. 2018 ലും 2019 ലും പാത്രിയര്‍ക്കീസ് ബാവ മാര്‍ അപ്രേം ദ്വിതീയന്‍ കേരളത്തില്‍ എത്തിയപ്പോള്‍ സംസ്ഥാനം അതിഥിയാക്കി. ഇത് സമാന്തര ഭരണം ഉറപ്പാക്കാനാണെന്നും ഓര്‍ത്തഡോക്സ് വിഭാഗം ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേരളത്തിലെ ഒൻപത് പള്ളികൾ പൂട്ടി കിടക്കുകയാണ്. പള്ളികൾ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നൽകിയ കത്ത് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറുകയാണ് സർക്കാർ ചെയ്തത്. യാക്കോബായ വിഭാഗത്തിന്റെ 2002 ലെ ഭരണഘടന സുപ്രീം കോടതി അസാധു ആക്കിയിരുന്നതാണ്. യാക്കോബായ സഭ ഇപ്പോൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായിയാണെന്നും ഓർത്തോഡോക്സ് സഭ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്സ് വിഭാഗവും. മലങ്കര സഭയിലാണ് രണ്ട് വിഭാഗങ്ങളും ഉള്‍പ്പെടുന്നത്. 1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓര്‍ത്തഡോക്സും. 1959 ല്‍ ഇരു വിഭാഗങ്ങളും യോജിച്ചു. എന്നാല്‍, ഈ യോജിപ്പ് 1972-73 വരെയാണ് നിലനിന്നത്. പിളര്‍പ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്ക് നീങ്ങി.
Read Also: മലങ്കര സഭാ തര്‍ക്കം; സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ വീഴ്ചയും
വിവിധ ഹര്‍ജികൾ കോടതികളിലെത്തി. വിവിധ ദേവാലയങ്ങളുടെ അവകാശത്തെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായിരുന്നത്. ഈ കേസുകളാണ് കോടതിയിലെത്തിയതും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കേസായിരുന്നു സെന്റ്.മേരീസ് പിറവം പള്ളിക്കായുള്ള അവകാശവാദം. എറണാകുളം ജില്ലയിലാണ് പിറവം പള്ളി സ്ഥിതി ചെയ്യുന്നത്. യാക്കോബായ വിഭാഗത്തിന്റെ കൈവശം ഉള്ള പിറവം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുനല്‍കണമെന്ന സുപ്രധാന വിധിയാണ് 2017 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത്.
എന്നാല്‍, രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും ഈ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. സർക്കാർ വിധി നടപ്പിലാക്കത്തതിനെതിരെ ഓർത്തഡോക്സ് സഭ പിന്നീട് ഹെെക്കോടതിയെ സമീപിച്ചിരുന്നു. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം കാരണമാണ് സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കാതിരുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നുള്ള വൈദികരെ കയറ്റാന്‍ പൊലീസ് സംരക്ഷണത്തില്‍ നടപടി സ്വീകരിച്ചെങ്കിലും യാക്കോബായ വിഭാഗം ആത്മഹത്യ ഭീഷണി മുഴക്കുകയും വലിയ പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയി. പൊലീസ് ഇടപെടല്‍ ഉണ്ടായാല്‍ പള്ളി ചോരക്കളമാകാനുള്ള സാധ്യതകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Read Also: സഭാതർക്കം: സർക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ
1,064 ദേവാലയങ്ങളാണ് സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പതിനഞ്ച് ദേവാലയങ്ങള്‍ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കം വളരെ രൂക്ഷമാണ്. ഇരു വിഭാഗങ്ങളും ഈ സ്ഥലങ്ങളില്‍ ശക്തരായ സാന്നിധ്യമാണ്. ഈ സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭ സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.