കൊച്ചി: സഭാതർക്കത്തിൽ കുടുങ്ങി ഒരാഴ്ചയായി പരേതയുടെ മൃതദേഹം സംസ്കരിക്കാനാകാതെ കുടുംബാംഗങ്ങൾ. കായംകുളം കാദിശാ പള്ളി ഇടവകാംഗവും യാക്കോബായ വിശ്വാസിയുമായ കോട്ടയിൽ മറിയാമ്മ ഫിലിപ്പിന്റെ (84) മൃതദേഹം സംസ്ക്കരിക്കാൻ അനുമതി തേടി മകൻ മാത്യു ഫിലിപ്പ് സമർപ്പിച്ച ഉപഹർജി ഹൈക്കോടതി തള്ളുമെന്നായപ്പോൾ പിൻവലിച്ചു.
ഈ മാസം മൂന്നിന് നിര്യാതയായ മറിയാമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓർത്തഡോക്സ് പക്ഷം എതിർപ്പുയർത്തിയതോടെയാണ് സംസ്ക്കാരം മുടങ്ങിയിട്ടുള്ളത്.
മറിയാമ്മയുടെ മൃതദേഹം സംസ്ക്കരിക്കാൻ അനുമതി തേടി ഇടവകാംഗങ്ങൾ തിങ്കളാഴ്ച സമർപ്പിച്ച ഹർജി ജസ്റ്റിസ് സുനിൽ തോമസ് തീർപ്പാക്കിയിരുന്നു. കാദീശ പള്ളി 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണെന്നും ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്നവർക്ക് മാത്രമേ സെമിത്തേരിയിൽ സംസ്ക്കാരത്തിന് അവകാശമുള്ളുവെന്നും തങ്ങളുടെ വികാരിയെ സമീപിച്ചാൽ മാന്യമായ സംസ്ക്കാരം ഉറപ്പാക്കുമെന്നും ഓർത്തഡോക്സ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. ഇത് രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്.
ഓർത്തഡോക്സ് പക്ഷത്തെ സമീപിക്കാതെ യാക്കോബായ പക്ഷം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടനയുടെ അനുഛേദം 25 പ്രകാരം പൗരന് ഇഷ്ടമുള്ള വിശ്വാസം പിന്തുടരാൻ അവകാശം ഉണ്ടെന്നും ഇടവകാംഗത്തിന് സെമിത്തേരിയിൽ അടക്കത്തിന് അവകാശം ഉണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
സെമിത്തേരിയിൽ രണ്ടു വിഭാഗം വൈദികരുടെ സാന്നിധ്യം വേണ്ടെന്നും മറ്റെവിടെയെങ്കിലും ശുശ്രൂഷയ്ക്ക് ശേഷം അടക്കാൻ അനുവദിക്കണമെന്നുമായിരുന്നു മകന്റെ ആവശ്യം. സമാന്തര സംവിധാനം പാടില്ലെന്ന് സുപ്രീം കോടതി ഈ മാസം രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും മേൽക്കോടതി വിധി ലംഘിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തർക്കത്തിന്റെ മുഴുവൻ നിയമ വശങ്ങളും പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.