Christmas New Year Bumper 2022: തിരുവനന്തപുരം: കേരളത്തിലെ ലോട്ടറിയുടെ ചരിത്രത്തിൽ റെക്കോർഡിട്ട ഓണം ബംപറിന് തൊട്ടുപിന്നാലെ വൻ തുക സമ്മാനവുമായി ക്രിസ്മസ് – നവവത്സര ലോട്ടറി. മുൻവർഷം പുതുവർഷ ബംപറിലെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നുവെങ്കിൽ ഇത്തവണ അത് 16 കോടി രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം.
നവംബർ 20 മുതൽ ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ വിൽപന ആരംഭിക്കുന്നതിനൊപ്പം നിലവിൽ വിൽക്കുന്ന പൂജാ ബംപറിന്റെ നറുക്കെടുപ്പും നടക്കും. രണ്ടും ഒരേ ദിവസം തന്നെ നടക്കുന്നത് ബംപർ ലോട്ടറിയുടെ വിൽപനയ്ക്ക് കൂടുതൽ ഊർജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണ ന്യൂ ഇയർ ബംപറിന്റെ ഒന്നാം സമ്മാനം നാല് കോടി രൂപ വർധിപ്പിക്കുമ്പോൾ ടിക്കറ്റ് വിലയിൽ നൂറ് രൂപ വർധനവുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ്- ന്യൂ ഇയർ ബംപറിന് വില 300 രൂപയായിരുന്നുവെങ്കിൽ ഇത്തവണ അത് 400 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. നേരിയ വില വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും സമ്മാനത്തുകയിലെ വൻവർധനവ് കൂടുതൽ ലോട്ടറി വിൽപനയ്ക്ക് വഴിയൊരുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അതിന് ഉദാഹരണമായി ഓണം ബംപറിലെ റെക്കോർഡ് വിൽപനയാണ് ലോട്ടറി ഏജന്റുമാർ ചൂണ്ടിക്കാണിക്കുന്നത്.
ഒന്നാം സമ്മാനം 16 കോടി രൂപയായി വർധിപ്പിച്ചതിനൊപ്പം മറ്റ് സമ്മാനങ്ങൾ ഇങ്ങനെയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതമാണ് ലഭിക്കുക. ഇത് 20 പേർക്ക് ലഭിക്കും.
ഇത്തവണ പത്ത് സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഓണം ബംപർ ആദ്യമടിച്ച ടിക്കറ്റുകൾ തീരുകയും ആവശ്യക്കാർ ഏറുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും അച്ചടിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് 90 ലക്ഷം ടിക്കറ്റുകൾ അടിക്കാനുള്ള ആലോചന. നിലവിൽ വിൽപനയിലുള്ള പൂജാ ബംപറിന് പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. 250 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബംപർ 54 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചിട്ടുള്ളത്. നിലവിൽ പൂജാ ബംപറിന്റെ വിൽപനയും ഊർജിതമായി നടക്കുന്നുവെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.