കൊച്ചി: സകല ജനതയുടേയും പാപം ചുമലിലേന്തി ക്രിസ്തുദേവന് കുരിശുമരണം വരിച്ചതിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖ വെള്ളിയാണ് ആചരിക്കുന്നു. പള്ളികളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനയും ഉണ്ടാകും.
കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ സിറോ മർബാർ സഭ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ബിഷപ്പ് ആന്റണി കരിയിലുമാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. മുഖ്യ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് രാവിലെ മുതൽ മല കയറ്റവും കുരിശിന്റെ വഴിയുമുണ്ട്.
വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ വ്യത്യസ്തമായ ആരാധന ക്രമമാണ് നിലനിൽക്കുന്നതെന്നതിനാൽ ഏറെ പ്രാധാന്യമുള്ള ദുഃഖവെള്ളി ദിനത്തിലും പല തരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും പ്രാർഥനകളും നടക്കാറുണ്ട്. എന്നാൽ കത്തോലിക്ക ദേവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാറില്ല. യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ടുള്ള ‘കുരിശിന്റെ വഴി’ പ്രധാനമാണ്. പതിനാല് സ്ഥലങ്ങളായി തിരിച്ചാണ് കുരിശിന്റെ വഴി പൂര്‍ത്തിയാക്കുന്നത്. മലകയറ്റവും കുരിശാരാധനയുമാണ് മറ്റ് പ്രധാന ആചാരങ്ങൾ.
പാവയ്ക്കാ നീര് (കയ്പ് നീര്) കൊടുക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. കുരിശില്‍ കിടക്കുമ്പോള്‍, തൊണ്ട വരണ്ടപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ച ക്രിസ്തുവിന് വിനാഗിരിയാണ് പടയാളികള്‍ വച്ചു നീട്ടിയത് എന്നാണ് വിശ്വാസം. ഈ സംഭവത്തിന്റെ പ്രതീകമായാണ് കയ്പ് നീര് കുടിക്കല്‍. ദുഃഖവെള്ളിയാഴ്ച ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുക. അതും സസ്യാഹാരമായിരിക്കും. ദേവാലയങ്ങളിൽ പ്രത്യേകം ഒരുക്കിയ നേർച്ച കഞ്ഞിയും ഉണ്ടാകാറുണ്ട്.