scorecardresearch
Latest News

നാടാര്‍ സംവരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

മറാത്ത സംവരണക്കേസിലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻ്റെ അപ്പീൽ.

നാടാര്‍ സംവരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

കൊച്ചി: നാടാർ സംവരണം സ്റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു. കേസ് ഈ മാസം 25 ലേക്ക് മാറ്റി. മറാത്ത സംവരണക്കേസിലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിൻ്റെ അപ്പീൽ.

നാടാർ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അധിക സം‌വരണം ഏർപ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണ ഘടനാ വിരുദ്ധമാണെന്ന ഹർജികളിലാണ് പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് വിധിച്ചത്.

സിംഗിൾ ബെഞ്ചിന് തെറ്റ് പറ്റിയെന്ന് അപ്പീലിൽ ചുണ്ടിക്കാട്ടിയ സർക്കാർ, സി.എസ്.ഐ. നാടാർ വിഭാഗത്തിന് പുറത്തുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ കേന്ദ്ര പട്ടികയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ അനുമതി നൽകി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം 2020 ഏപ്രിൽ നാലിന് ഉത്തരവിറക്കിയിട്ടുണ്ട്.

സിഎസ്ഐ ഇതര ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ പട്ടികയിൽ ഉള്‍പ്പെടുത്തിയ സംസ്ഥാന പിന്നാക്ക കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഉത്തരവ്. ശുപാർശയുടെ അടിസ്ഥാനത്തിൽ സർവീസ് ചട്ടത്തിൽ ഭേദഗതിയും വരുത്തിയിട്ടുണ്ട്.

ദേശീയ പിന്നാക്ക കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര പട്ടിക രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്നത് വരെ നിലവിലുള്ള പട്ടികൾ തുടരാമെന്നാണ് ഭൂരിപക്ഷ ബെഞ്ചിൻ്റെ നിർദേശം. ഇക്കാര്യം സിംഗിൾ ബെഞ്ച് അവഗണിച്ചെന്നും സർക്കാർ വ്യക്തമാക്കി.

ക്രിസ്ത്യൻ വിഭാഗങ്ങളെ നാടാർ സംവരണത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ചില സംഘടനകളുടെ ആവശ്യം ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

Also Read: സമൂഹ മാധ്യമങ്ങളിലെ സംവാദങ്ങളില്‍ നിന്ന് കക്ഷികള്‍ വിട്ടു നില്‍ക്കണം; പെഗാസസില്‍ സുപ്രീം കോടതി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Christian nadar community reservation kerala high court

Best of Express