കൊച്ചി: യേശു ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്‍റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രൂഷ നടന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. പതിവ് ചടങ്ങുകളിൽ പലതും ഒഴിവാക്കിയായിരുന്നു ആഘോഷങ്ങൾ. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങൾ വിശ്വാസികൾക്കായി പാതിരാ കുർബാന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പതിവുപോലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നുള്ള ഈസ്റ്റർ വിരുന്ന് ഇത്തവണ ഉണ്ടായില്ല.

Read More: സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

കോവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. ഭയത്തിന് കീഴടങ്ങരുതെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഈസ്റ്റർ ദിന സന്ദേശത്തിൽ മാർപ്പാപ്പ ആഹ്വാനം ചെയ്തു. മരണത്തിന്‍റെ നാളുകളിൽ വിശ്വാസികൾ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും മാർപാപ്പ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നു.

“അതിജീവനത്തിന്‍റെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നത്. ഏതു പീഡാനുഭവത്തിനുമപ്പുറത്ത് അതിജീവനത്തിന്‍റേതായ ഒരു പ്രഭാതം ഉണ്ട് എന്ന സന്ദേശം. ലോകം കോവിഡ് 19 എന്ന പീഡാനുഭവത്തിലൂടെ കടന്നുപോകുകയാണ്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കുന്നതിന് വേണ്ട കരുത്തുകൂടിയാണ് ഈസ്റ്റര്‍ നമുക്ക് പകര്‍ന്നുതരുന്നത്. വൈഷമ്യത്തിന്‍റെതായ ഘട്ടമാണെങ്കിലും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകൾ.”

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ഉയിര്‍പ്പ് തിരുകർമങ്ങൾക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം മുഖ്യ കാര്‍മികത്വം വഹിച്ചു.

ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന പുണ്യദിനമാണ് ഈസ്റ്റര്‍. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേല്‍ക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ നിത്യമയമായി നിറവേറ്റുന്ന ദിനം. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍. ഈ ദിനങ്ങള്‍ക്ക് ഓരോന്നിനും ലാളിത്യമുണ്ട്, എന്നാല്‍ അതിനുമുണ്ട് സങ്കീര്‍ണതകള്‍.

മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.