കൊച്ചി: ചോറ്റാനിക്കരയിൽ അമ്മയും കാമുകനും ചേർന്ന് കുട്ടിയെ കൊന്ന കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുടെ കാമുകനുമായ രഞ്ജിത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്. അമ്മ റാണി, സുഹൃത്ത് തിരുവാണിയൂർ ബേസിൽ എന്നിവർക്ക് ഇരട്ട ജീവപര്യന്തം തടവും എറണാകുളം പോക്സോ കോടതി വിധിച്ചു.

2013 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാലു വയസ്സുകാരിയ ക്രൂരമായ ലൈംഗിക പീഡനത്തിനുശേഷം കൊലപ്പെടുത്തുകയായിരുന്നു. റാണിയുമായുളള അവിഹിത ബന്ധത്തിന് മകൾ തടസ്സമാകുമെന്നു കരുതിയാണ് കുട്ടിയെ കൊന്നത്. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ രഞ്ജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

രഞ്ജിത്തുമായി റാണിക്ക് വർഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. റാണിയുടെ മറ്റൊരു കാമുനായ ബേസിലിനെ സഹോദരൻ എന്ന വ്യാജേനയാണ് വീട്ടിൽ താമസിപ്പിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ റാണിയുടെ ഭർത്താവ് വിനോദ് കഞ്ചാവു കേസിൽ ജയിലിലായിരുന്നു.

സംഭവ ദിവസം സ്കൂൾ കഴിഞ്ഞ് വിട്ടീലെത്തിയ കുട്ടിയെ രഞ്ജിത്ത് ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി കരഞ്ഞപ്പോൾ വായ് പൊത്തിപ്പിടിച്ചു. പിന്നീട് കുട്ടിയുടെ എടുത്തെറിച്ചു. തലയിടിച്ചു വീണ കുട്ടി മരിച്ചു. അതിനുശേഷം മൃതദേഹം ടെറസിന്റെ മുകളിൽ ഒളിപ്പിച്ചു. സംഭവം നടക്കുമ്പോൾ റാണിയും ബേസിലും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇരുവരും വീട്ടിൽ മടങ്ങിയെത്തിപ്പോൾ രഞ്ജിത്ത് വിവരം പറഞ്ഞു. റാണിയാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചു മൂടാൻ നിർദേശിച്ചത്.

കൊലപാതകത്തിനു പിറ്റേദിവസം ചോറ്റാനിക്കര പൊലീസിൽ മകളെ കാണാനില്ലെന്നു പറഞ്ഞ് റാണി പരാതി നൽകി. ഇവരുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ