കോഴിക്കോട്: രാജ്യത്ത് നിനില്‍ക്കുന്ന പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിര്‍. കോണ്‍ഗ്രസ് വിപുലീകരിക്കാനും മുന്നണിയില്‍ നിന്ന് വിട്ടുപോയവരെ തിരികെയെത്തിക്കാനും തുടങ്ങി പാര്‍ട്ടിയുടെ ജീവന് വീണ്ടെടുക്കാനുള്ള പല നിര്‍ദേശങ്ങളുടെ ഉയര്‍ന്നു വന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചിന്തന്‍ ശിവറിന് ശേഷമുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകളും ഇതു തന്നെയായിരുന്നു വ്യക്തമാക്കിയിരുന്നത്. സിപിഎം സംഘപരിവാറിന് സമമായെന്നും സുധാകരന് അഭിപ്രായപ്പെട്ടു. ഐക്യജനാധിപത്യ മുന്നണി വിട്ട കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനെ തിരിച്ചെത്തിക്കണമെന്ന അഭിപ്രായവുമുണ്ടായി.
ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണെന്നും പ്രമേയം വ്യക്തമാക്കി, ഇത് ഊന്നിയായിരിക്കണം ഭാവിയിലേക്കുള്ള പ്രചാരണങ്ങള്‍. ക്രിസ്ത്യന്‍ വിഭാഗങ്ങള്ക്കിടയിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റത്തിനെ പ്രതിരോധിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. ന്യൂനപക്ഷത്തെ ചേര്‍ത്തു നിര്‍ത്തുന്ന സമീപനമുണ്ടാകണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.
മുന്നണി വിപൂലീകരണത്തെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചത് പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠനായിരുന്നു. ഇതിനു പുറമെ വിവിധ പ്രമേയങ്ങളും നേതാക്കള്‍ അവതരിപ്പിച്ചു. പാര്‍ട്ടി സ്കൂള്‍, മണ്ഡലം അടിസ്ഥാനത്തില്‍ രാഷ്ട്രീയകാര്യ സമിതി മോഡല്‍ കമ്മിറ്റികള്‍, പുനസംഘടന എന്നിവ സംബന്ധിച്ച് എം കെ രാഘവന് എപിയാണ് പ്രമേയം അവതരിപ്പിച്ചത്.
പുനസംഘടന സംബന്ധിച്ച് അനുകൂലമായ നിലപാടായിരുന്നു കെ മുരളീധരന് എംപി പറഞ്ഞത്. മുന്‍പ് ഗ്രൂപ്പുകള്‍ വീതം വയ്ക്കുകയായിരുന്നു ഇപ്പോള്‍ വ്യക്തികളുടെ വീതം വയ്പ്പായി പാര്‍ട്ടി മാറിയെന്നായിരുന്നു മുരളി അഭിപ്രായപ്പെട്ടത്. ഇത്തരത്തിലാണ് മുന്നോട്ട് പോക്കെങ്കില്‍ പ്രവര്‍ത്തകര്‍ നിരാശരാകുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു മാസത്തിനുള്ളില്‍ പുനസംഘടന എന്നാണ് ചിന്തന്‍ ശിവിരത്തിലെ തീരുമാനം. ഡിസിസി അധ്യക്ഷന്മാരുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയ ശേഷം മാറ്റം ആവശ്യമായവരുടെ കാര്യത്തില്‍ നടപടിയുണ്ടാകും. സിപിഎമ്മിനും ആര്‍എസ്എസിനും ഒരേ നയമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി അടിത്തറ വിപൂലികരിക്കണമെന്നും നിര്‍ദേശമുണ്ടായി.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ എസ് യുവിന്റെ പുനസംഘടനയും ഉടന്‍ ഉണ്ടായേക്കും. മുന്‍ തൃത്താല എംഎല്‍എ വി ടി ബല്‍റാമിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ആദ്യ പടിയായി കെ എസ് യു, പിന്നീട് യൂത്ത് കോണ്‍ഗ്രസിലും പുനസംഘടന ഉണ്ടാകും. ഏകദേശം ഇരുനൂറോളം പ്രതിനിധികളാണ് ചിന്തന്‍ ശിവിറില്‍ പങ്കെടുത്തത്.