തിരുവനന്തപുരം: കോൺഗ്രസ് എം എൽ എയായ വി ടി ബലറാമിന്രെ പരാമർശത്തെ വിവാദമായ എ കെ ജിയുടെ ആത്മകഥയുടെ പുതിയ പതിപ്പ് പുറത്തുവരുന്നു. സിപി എമ്മിന്രെ പ്രസിദ്ധീകരണ വിഭാഗമായ ചിന്ത പബ്ളിഷേഴ്സ് ആണ് ഈ പതിപ്പിന്രെയും പ്രസാധകർ. ” എന്രെ ജീവിത കഥ” എന്ന പേരിലുളള എ കെ ജിയുടെ ആത്മകഥയുടെ പതിമൂന്നാം പതിപ്പാണിത്.
രണ്ടായിരം കോപ്പിയാണ് എ കെ ജിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതെന്ന് ചിന്തയുടെ ജനറൽ മാനേജർ കെ. ശിവകുമാർ ഇന്ത്യൻ എക്സ് പ്രസ്സ് മലയാളത്തോട് പറഞ്ഞു. എ കെ ജിയുടെ ആത്മകഥ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന കാര്യവും ആലോചനയിലുണ്ട്. “എന്രെ ജീവിത കഥ”യുടെ ഇംഗ്ലീഷിനും ആവശ്യക്കാരുണ്ട്. എ കെ ജിയുടെ ആത്മകഥ അതിന്രെ അന്തഃസത്ത ചോർന്നുപോകാതെ പരിഭാഷപ്പെടുത്തുവാനുളള ശ്രമത്തിലാണ് ചിന്ത. രാഷ്ട്രീയ ആത്മകഥയാണ് എ കെ ജിയുടേത്. അത് സാധാരണ ആത്മകഥകൾ പോലെ പരിഭാഷപ്പെടുത്താൻ സാധിക്കുകയില്ല. ആ ബുദ്ധിമുട്ടുളളതിനാലാണ് വൈകുന്നത്. അദ്ദേഹം പറഞ്ഞു. എ കെ ജിയുടെ ആത്മകഥയുടെ പതിമൂന്നാം പതിപ്പിന്രെ മുഖവില നാന്നൂറ് രൂപയാണ്.
ഇന്ത്യയുടെ ലോകസഭയുടെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പാവങ്ങളുടെ പടത്തലവൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. രാഷ്ട്രീയത്തിനപ്പുറം ആരാധകരുളള വ്യക്തിയാണ് ഇന്നും എ കെ ജി. അദ്ദേഹത്തിന്രെ ആത്മകഥയിലെ ഭാഗത്തെ തെറ്റായി വ്യാഖ്യാനിച്ച വി ടി ബലറാം എം എൽ എയുടെ പരാമർശത്തിനെതിരെ സി പി എമ്മിൽ നിന്നും മാത്രമല്ല, കോൺഗ്രസ്സിൽ നിന്നും കടുത്ത എതിർപ്പ് ഉണ്ടായി. വി. എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഉൾപ്പടെ സി പി എമ്മിൽ നിന്നും വിമർശനമുന്നയിച്ചപ്പോൾ, കോൺഗ്രസ്സിൽ നിന്നും എ. കെ. ആന്രണിയും ഉമ്മൻചാണ്ടിയും എം എം ഹസ്സനും എല്ലാം ബലറാമിന്രെ പരാമർശത്തിനെതിരെ രംഗത്തു വന്നിരുന്നു.
ബാലപീഡകൻ എന്ന ആരോപണം ഉന്നയിച്ചാണ് ബലറാം വിവാദം സൃഷ്ടിച്ചത്. ഫെയ്സ് ബുക്ക് കുറിപ്പിലാണ് ബലറാം എ കെ ജിക്കെതിരെ ആരോപണം ഉന്നയിച്ചത്. എ കെ ജിയുടെ വാക്കുകളെ തെറ്റായി എഴുതിയാണ് ബലറാമിന്രെ ആരോപണെന്ന് കാണിച്ച് സോഷ്യൽ മിഡീയിൽ തന്നെ ബലറാമിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.
പ്രതിഷേധം ശക്തമായതോടെ എ കെ ജിയുടെ ആത്മകഥ അന്വേഷിച്ച് ആളുകൾ ചിന്തയുടെ പുസ്തകങ്ങൾ ലഭിക്കുന്ന ബുക്ക് സ്റ്റാളുകളിലെത്തി. എന്നാൽ എ കെ ജിയുടെ ആത്മകഥ ഒരിടത്തും ലഭ്യമായില്ല. ആത്മകഥ അന്വേഷിച്ച് ചിന്തയുടെ പുസ്തകങ്ങൾ ലഭിക്കുന്ന കേരളത്തിലെ 36 ദേശാഭിമാനി ബുക് സ്റ്റാളുകൾ ആണ് ഉളളത്. ഇതിന് പുറമെ മറ്റ് പ്രമുഖ പ്രസാധകരുടെ സ്റ്റാളുകളിലും ചിന്തയുടേതല്ലാത്ത ഓൺ ലൈൻ വിപണിയിലും പുസ്തകങ്ങൾ ലഭ്യമാണ്. ഇവിടെയൊക്കെ തിരക്കിയിട്ടും എ കെ ജിയുടെ ആത്മകഥ ലഭ്യമായില്ല. ഈ സാഹചര്യത്തിലാണ് എ കെ ജിയുടെ ആത്മകഥയുടെ പതിമൂന്നാം പതിപ്പുമായി ചിന്ത പബ്ലിഷേഴ്സ് വരുന്നത്.
എ കെ ജിയുടെ പുസ്തകം അന്വേഷിച്ചുവന്നവരിൽ ഭൂരിപക്ഷവും യുവതലമുറയിൽപ്പെട്ടവരാണെന്നാണ് ബുക് സ്റ്റാളുകളുമായി ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന വിവരം.
1973 ലാണ് ചിന്ത പബ്ലിഷേഴ്സ് ആരംഭിക്കുന്നത്. ഇന്ന് 45 വർഷം പിന്നിടുമ്പോൾ ചിന്ത കേരളത്തിലെ മുഖ്യധാര പ്രസാധകരിലൊന്നാണ്. രണ്ടായിരത്തിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കഥയും കവിതയും നോവലും ജീവചരിത്രവും രാഷ്ട്രീയവും പരിഭാഷകളും ഉൾപ്പടെയുളള പുസ്തങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറെക്കാലം സി പി എമ്മിന്രെ ജനറൽസെക്രട്ടറിയായിരുന്ന സി പി എമ്മിന്രെ സൈദ്ധാന്തികനും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇ എം എസ്സിന്രെ ആത്മകഥയ്ക്കാണ് ഇന്നും ആവശ്യക്കാരേറെയുളളതെന്ന് ശിവകുമാർ പറയുന്നു. ഇ എം എസ്സിന്രെ ആത്മകഥ ലെഫ്റ്റ് വേഡ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എ കെ ജിയുടെ ആത്മകഥയുടെ പന്ത്രണ്ടാം പതിപ്പ് തീർന്നിട്ട് കുറച്ചുനാളുകളേ ആയിട്ടുണ്ടായിരുന്നുളളൂ. അതിന്റെ പതിമൂന്നാം പതിപ്പ് പ്രസിദ്ധീകരിക്കാനുളള ആലോചനയ്ക്കിടയിലാണ് ഈ വിവാദം ഉണ്ടായത്. വിവാദം ഉണ്ടായില്ലെങ്കിലും പുസ്തകം ഇറങ്ങുമായിരുന്നു. പക്ഷേ ഇപ്പോൾ അത് കൂടുതൽ ആളുകൾ അന്വേഷിക്കുന്നുണ്ടെന്നത് സത്യമാണ്. ശിവകുമാർ പറഞ്ഞു.