കൊച്ചി: പിറന്ന നാടും വീടും തേടിയുള്ള യാത്രയ്ക്കിടെ തിരുപ്പൂരിലെ കരിമ്പുപാടങ്ങളില്‍ മദിച്ചുനടന്ന ചിന്നത്തമ്പി ഇനി വരഗളിയാറിലെ സ്‌കൂളില്‍ നാട്ടാന പരിശീലനത്തിന്റെ പാഠങ്ങള്‍ പഠിക്കും. ജനവാസ കേന്ദ്രങ്ങളിലിറങ്ങുമ്പോഴും മര്യാദയുടെ പരിധികള്‍ ലംഘിക്കാതെ നാടിന്റെ ഓമനയായി മാറിയ കാട്ടാനയെ ഇന്നു രാവിലെയാണ് തമിഴ്‌നാട് വനംവകുപ്പ് വീണ്ടും മയക്കുവെടിവച്ചു പിടികൂടി വരഗളിയാര്‍ ക്യാമ്പിലേക്കു മാറ്റിയത്. ഏഴുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുങ്കിയാനകളുടെ സഹായത്തോടെ ചിന്നത്തമ്പിയെ മയക്കുവെടിവച്ച് പിടികൂടിയത്.
ആനയെ ഇനി വനമേഖലയിലേക്കു തുറന്നുവിടേണ്ടതില്ലെന്നാണ് തീരുമാനം. പകരം വരഗളിയാറിലെ എലിഫന്റ് ക്യാമ്പില്‍ അംഗമാക്കും. എന്നാല്‍ ചിന്നത്തമ്പിയെ കുങ്കിയാനയാക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ജനുവരി 25-നാണ് കോയമ്പത്തൂരിനു സമീപമുള്ള തടാകത്തുനിന്ന് 25-വയസോളം പ്രായമുള്ള ചിന്നത്തമ്പിയെന്ന കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ചിന്നത്തമ്പിയെ മയക്കുവെടിവച്ച് പിടികൂടി ടോപ്സ്ലിപ്പിനു സമീപമുള്ള വരഗളിയാര്‍ വനത്തില്‍ തുറന്നുവിട്ടത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് രണ്ടു ദിവസത്തിനുള്ളില്‍ ചിന്നത്തമ്പി അമ്പതു കിലോമീറ്ററിലധികം സഞ്ചരിച്ച് പൊള്ളാച്ചി -ആളിയാര്‍ റൂട്ടിലുള്ള അംഗലക്കുറിച്ചിയെന്ന ഗ്രാമത്തിലെത്തുകയായിരുന്നു.
തുടര്‍ന്നു ദിവസങ്ങളായി ഉടുമല്‍പേട്ടിനു സമീപമുള്ള കണ്ണാടിപ്പുതൂര്‍ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലും നെല്‍വയലുകളിലുമായി ചുറ്റിയടിക്കുകയായിരുന്നു ചിന്നത്തമ്പിയെന്ന കാട്ടാന. നാട്ടിലിറങ്ങി വീണ്ടും ശല്യക്കാരനായി മാറുമോയെന്നു ഭയമുള്ളതിനാല്‍ ചിന്നത്തമ്പിയെ കുങ്കി ആനയാക്കി മാറ്റുമെന്ന് തമിഴ്നാട് വനം മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതിനെതിരേ പൊതു പ്രവര്‍ത്തകനായ അരുണ്‍ പ്രസന്ന മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെ ചിന്നത്തമ്പിയെ പിടികൂടി കുങ്കി ആനയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു ദിവസങ്ങളോളം നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ചിന്നത്തമ്പിയെ പിടികൂടാന്‍ അനുമതി നല്‍കിയത്. ചിന്നത്തമ്പിയെ യാതൊരു വിധത്തിലും ഉപദ്രവിക്കാന്‍ പാടില്ലെന്ന നിര്‍ദേശവും കോടതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ചിന്നത്തമ്പിയെ വീണ്ടും പിടികൂടാനായി വനംവകുപ്പ് തയാറായത്.
ചിന്നത്തമ്പിയുടെ നാട്ടിലെ പ്രയാണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്നാട്ടില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. ഇതിനിടെ ‘സേവ് ചിന്നത്തമ്പി’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങള്‍ നീണ്ട കാംപെയിനും നടന്നു. ഇടയ്ക്കു ചിന്നത്തമ്പിയെ മെരുക്കാനെത്തിയ തമിഴ്‌നാടിന്റെ സൂപ്പര്‍ സ്റ്റാര്‍ കുങ്കിയാനകളായ കലീമിനെയും മറ്റൊരു കുങ്കിയാനയായ മാരിയപ്പനെയും ചിന്നത്തമ്പി വിരട്ടി ഓടിക്കുന്നതിനും വനംവകുപ്പ് അധികൃതര്‍ സാക്ഷിയായി.
നൂറോളം വരുന്ന വനംവകുപ്പ് അധികൃതര്‍ മുഴുവന്‍ സമയവും കാവല്‍ നില്‍ക്കുമ്പോഴും അമരാവതി ഷുഗര്‍ മില്‍ പരിസരത്തുള്ള കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്നു കരിമ്പിന്‍ തണ്ടുകള്‍ ഒടിച്ചു തിന്നും വെള്ളം കുടിച്ചും ഉറങ്ങിയും ചിന്നത്തമ്പി പ്രയാണ ജീവിതം ആസ്വദിച്ചു. രണ്ടാം തവണ പിടിയിലാകുമ്പോഴും 200 കിലോമീറ്ററോളം നീണ്ട തന്റെ പ്രയാണത്തിനൊടുവിലും ജന്മദേശത്ത് വീണ്ടുമെത്താന്‍ കഴിഞ്ഞില്ലെന്ന ചിന്നത്തമ്പിയുടെ സങ്കടം മാത്രം ബാക്കി.