കൊച്ചി: അപൂര്‍വ ഇനം പക്ഷികളുടെയും ജന്തുക്കളുടെയും ആവാസ കേന്ദ്രമായ ചിന്നാര്‍ വന്യ ജീവി സങ്കേതത്തില്‍ സംരക്ഷിത ഇനത്തില്‍പ്പെട്ട ചാമ്പല്‍ മലയണ്ണാന്‍മാര്‍ നൂറിലധികം. ഫെബ്രുവരി 12 മുതല്‍ മൂന്നു ദിവസങ്ങളിലായി നടന്ന സര്‍വേയിലാണ് ചിന്നാര്‍ വന്യജീവി സങ്കേതം ചാമ്പല്‍ മലയണ്ണാന്‍മാരുടെ മികച്ച ആവാസ കേന്ദ്രമാണെന്നു തെളിഞ്ഞതെന്ന് ചിന്നാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു പറഞ്ഞു. സംരക്ഷിത ഇനത്തില്‍പ്പെട്ട ചാമ്പല്‍ മലയണ്ണാന്റെ ആവാസ വ്യവസ്ഥയുള്ള ചിന്നാര്‍, ചമ്പക്കാട്, ചുങ്കം, ആലാംപെട്ടി-തൂവാനം, വാഴത്തുറ, കരിമുട്ടി എന്നിങ്ങനെ സങ്കേതത്തിലെ വിവിധ ഭാഗങ്ങളെ ആറു ബ്ലോക്കുകളായി തിരിച്ച് പുഴയോരങ്ങള്‍, അരുവികള്‍, നീര്‍ത്തടങ്ങള്‍ എന്നിവയിലെ 21 ട്രാന്‍സെക്റ്റ് ലൈനുകള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേയെന്നും 76 ചാമ്പല്‍ മലയണ്ണാന്‍മാരെ സര്‍വേയ്ക്കു നേതൃത്വം നല്‍കിയ ടീം അംഗങ്ങള്‍ക്കു നേരിട്ടു കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പല്‍ മലയണ്ണാന്‍

ചിന്നാര്‍ വന്യ ജീവി സങ്കേതത്തില്‍ പ്രധാനമായും ചിന്നാര്‍, പാമ്പാര്‍ പുഴയോരങ്ങളിലും അവയില്‍ വന്നു ചേരുന്ന അരുവികള്‍, നീര്‍ത്തടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ് ചാമ്പല്‍ മലയണ്ണാന്റെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നതെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചിന്നാര്‍ പുഴയോടു ചേര്‍ന്ന ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചാമ്പല്‍ മലയണ്ണാനുകളുടെ സാന്നിധ്യം റിപ്പോര്‍ട്ടു ചെയ്തതെന്നും ചിന്നാര്‍-പാമ്പാര്‍ പുഴയോരത്ത് സമൃദ്ധമായി വളരുന്ന കാട്ടുമാവ്, നീര്‍മരുത്, വാക, പാല, ഞാവല്‍, പുളി, ഉങ്ങ് എന്നീ വൃക്ഷങ്ങളിലാണ് ചാമ്പല്‍ മലയണ്ണാന്റെ സാന്നിധ്യം കൂടുതല്‍ കണ്ടെത്തിയതെന്നും സര്‍വേയ്ക്കു നേതൃത്വം നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Ratufa macroura എന്ന ശാസ്ത്ര നാമമുള്ള ചാമ്പല്‍ മലയണ്ണാന്‍ പശ്ചിമഘട്ട വനമേഖലകളില്‍ സാധാരണായി കാണപ്പെടുന്ന മലയണ്ണാനേക്കാള്‍ അല്‍പ്പം ചെറുതാണ്. തെക്കേ ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ചാമ്പല്‍ മലയണ്ണാന്‍ വിഭാഗം ചിന്നാര്‍ വന്യജീവി സങ്കേതത്തിനു പുറമേ തമിഴ്‌നാട്ടിലെ തേനി ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ ശ്രീവല്ലിപുത്തൂര്‍ വന്യജീവി സങ്കേതം, തിരുവണ്ണാമല ഡിവിഷന്‍, ആനമല കടുവാ സങ്കേതം, ഹൊസൂര്‍ ഫോറസ്റ്റ് ഡിവിഷന്‍, കാവേരി വന്യജീവി സങ്കേതം തുടങ്ങിയ ഭാഗങ്ങളിലും തുടങ്ങിയ ഭാഗങ്ങളിലും കാണപ്പെടുന്നുണ്ടെന്നും തെക്കേ ഇന്ത്യയ്ക്കു പുറമേ ശ്രീലങ്കയില്‍ മാത്രമാണ് ചാമ്പല്‍ മലയണ്ണാനുകളെ സാധാരണയായി കാണപ്പെടുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ചാമ്പല്‍ മലയണ്ണാന്‍മാരുടെ ആവാസകേന്ദ്രമായ പുഴയോരങ്ങള്‍

ഇന്ത്യയില്‍ മൊത്തം 500-ഓളം ചാമ്പല്‍ മലയണ്ണാനുകള്‍ മാത്രമാണ് ഉള്ളത്. ഇതില്‍ 100 എണ്ണം ചിന്നാര്‍ വന്യ ജീവി സങ്കേതത്തിലാണ്. ചിന്നാര്‍ വന്യ ജീവി സങ്കേതം ചാമ്പല്‍ മലയണ്ണാന്‍മാരുടെ മികച്ച ആവാസ വ്യവസ്ഥയാണെന്നു ഇത് തെളിയിക്കുന്നതാണെന്ന് പി.എം.പ്രഭു അഭിപ്രായപ്പെട്ടു.
നേരത്തെ ചിന്നാര്‍ വന്യ ജീവി സങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡു മുറിച്ചു കടക്കുമ്പോള്‍ ചാമ്പല്‍ മലയണ്ണാനും കുരങ്ങുകളും ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ ചാകുന്നത് പതിവായിരുന്നു. ഇതു തടയാന്‍ 16 മറയൂര്‍-ചിന്നാര്‍ റൂട്ടില്‍ 16 സ്പീഡ് ബ്രേക്കറുകളും സങ്കേതത്തിനുള്ളില്‍ റോഡിനിരുവശത്തുമുള്ള മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 19 കനോപ്പി പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇതിലൂടെ ചാമ്പല്‍ മലയണ്ണാനുകളും കുരങ്ങന്‍മാരും ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ക്ക് മരങ്ങളിലൂടെ തന്നെ ഇരുവശത്തേയ്ക്കും കടക്കാനാവും. ഇതും ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ചാമ്പല്‍ മലയണ്ണാന്മാരുടെ ആവാസവ്യവസ്ഥ മെച്ചപ്പെടാന്‍ സഹായിക്കുന്നുണ്ട്, പി.എം.പ്രഭു പറഞ്ഞു.

ചാമ്പല്‍ മലയണ്ണാന്‍ സര്‍വേയില്‍ നിന്ന്

മൂന്നാര്‍ വൈല്‍ഡ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ചിന്നാര്‍ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം.പ്രഭു, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ.രാജന്‍ പിലാക്കണ്ടി, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്നു ദിവസം നീണ്ട ചാമ്പല്‍ മലയണ്ണാന്‍ സര്‍വേ പൂര്‍ത്തിയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.