തൊടുപുഴ: അപൂര്‍വ സസ്യ ജന്തുജാലങ്ങളുടെ ഈറ്റില്ലവും മഴനിഴല്‍ പ്രദേശവുമായ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ചിത്ര ശലഭങ്ങളുടെ കൂട്ടത്തോടെുള്ള ദേശാടനത്തിനു തുടക്കമായി. ചിന്നാര്‍, പാമ്പാര്‍ നദികളുടെ സംഗമസ്ഥാനമായ കൂട്ടാര്‍ ഭാഗത്തുനിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശലഭങ്ങളുടെ ദേശാടനം തുടങ്ങിയത്.

ചിന്നാര്‍ പുഴയോരം വഴി നൂറുകണക്കിന് പലതരം പൂമ്പാറ്റകള്‍ കൂട്ടത്തോടെ ദേശാടനം നടത്തുന്നുണ്ടെന്ന് ചിന്നാര്‍ വന്യജീവി സങ്കേതം വാര്‍ഡന്‍ പി.എം.പ്രഭു പറഞ്ഞു. വനം വകുപ്പ് അധികൃതര്‍ ഈ ദേശാടനത്തിന് സാക്ഷിയായതായി അദ്ദേഹം പറഞ്ഞു. ചുരുളിപ്പെട്ടി-തായണ്ണന്‍കുടി ഭാഗത്തേക്കായിരുന്നു ശലഭങ്ങളുടെ സഞ്ചാരം. ഡാര്‍ക്ക് ബ്ലൂ ടൈഗര്‍ (നീലക്കടുവ), ബ്ലൂ ടൈഗര്‍, കോമണ്‍ ക്രോ, പേല്‍ ടൈഗര്‍, കോമണ്‍ ലൈം തുടങ്ങിയയിനം ശലഭങ്ങളെയാണ് ദേശാടനത്തിനിടയിൽ ​​ഇവിടെയെത്തിയ പ്രധാനികൾ. നിലവിൽ പശ്ചിമഘട്ടത്തില്‍ ദേശാടനം നടത്തുന്ന 44 ഇനം പൂമ്പാറ്റകളുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്.

മഴനിഴല്‍ പ്രദേശമായതിനാല്‍ താരതമ്യേന ചൂടേറിയ പ്രദേശമാണ് ചിന്നാര്‍ മേഖല. ഇവിടെ നിന്ന് ഇരവികുളം ഷോലയിലെ തണുപ്പുള്ള പുല്‍മേടുകള്‍ ലക്ഷ്യമാക്കിയാണ് വര്‍ഷം തോറും ശലഭങ്ങള്‍ സഞ്ചാരം നടത്തുന്നത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പൂര്‍വ മണ്‍സൂണ്‍ സമയങ്ങളില്‍ ചിത്രശലഭങ്ങള്‍ പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ സമതലങ്ങളിലേക്ക് സഞ്ചരിക്കുകയാണ് പതിവ്. പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശങ്ങളായ ചിന്നാര്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ ചെരിവുകളിലാണ് ചിത്രശലഭങ്ങള്‍ പ്രജനനം നടത്താനായി എത്തുന്നത്.

butter fly. chembully, chinnar wild life sanctuary,

പിന്നീട് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാനിക്കുന്നതോടെ പശ്ചിമഘട്ടനിരകളിലേക്ക് ഇത്തരത്തിലെത്തുന്ന ചിത്രശലഭങ്ങള്‍ മടങ്ങിപ്പോവുകും ചെയ്യുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ചിത്രശലഭങ്ങള്‍ തിരികെ ദേശാടനം നടത്തുന്നത്.

ദേശാടനവേളയില്‍ ഇവ കൂട്ടത്തോടെ മരങ്ങളും ചെടികളുമാണ് ഇവയുടെ താവളം. ഭക്ഷ്യശൃംഖലയിലെ മുഖ്യകണ്ണിയായി മാറുന്നതിനൊപ്പം ചെടികളില്‍ വന്‍തോതില്‍ പരാഗണം നടത്തുകയെന്ന ധര്‍മവും ദേശാടനം നടത്തുന്ന ചിത്രശലഭങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കാടുകളില്‍ പല സസ്യയിനങ്ങളുടെയും ചെടികളുടെയും നിലനില്‍പ്പു തന്നെ സാധ്യമാക്കുന്നത് ഇത്തരത്തിലുള്ള സഞ്ചാരങ്ങളാണെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.