/indian-express-malayalam/media/media_files/uploads/2018/09/elephant.jpg)
കൊച്ചി: മൂന്നാറിനു സമീപം ചിന്നക്കനാലില്‍ ഏലത്തോട്ടം കാവല്‍ക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ചിന്നക്കനാല്‍ മൂലത്തറ എസ്‌റ്റേറ്റിലെ വാച്ചര്‍ തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി മുത്തയ്യ (60) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. ഏലത്തോട്ടത്തില്‍ തൊഴിലാളികള്‍ എത്തുന്നതിനു മുമ്പ് കാട്ടാനയുടെ സാന്നിധ്യം പരിശോധിക്കാനെത്തിയ മുത്തയ്യയെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.
കാട്ടാന ആക്രമണം നിത്യസംഭവമായ മൂന്നാറിനു സമീപമുള്ള ചിന്നക്കനാല്‍ മേഖലയില്‍ ഈ വര്‍ഷം ഇതു നാലാമത്തെ ആളിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. കഴിഞ്ഞ മേയ് 16-ന് ഏലത്തോട്ടം കാവല്‍ക്കാരനായ വേലുവും (55) മൂലത്തുറയില്‍ വച്ചു തന്നെയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ജൂലൈ നാലിന് ചിന്നക്കനാലിനു സമീപമുള്ള സിങ്കുകണ്ടത്ത് കര്‍ഷകനായ തങ്കച്ചന്‍ (55) കാട്ടാന ആക്രണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ജൂലൈ 11-ന് ഏലത്തോട്ടം സൂപ്പര്‍വൈസറായ കുമാര്‍ (46) തമിഴ്‌നാട്ടില്‍ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ ചിന്നക്കനാലിനു സമീപം രാജാപ്പാറയില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 2010-നു ശേഷം മാത്രം മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനു കീഴില്‍ മാത്രം 28 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വനം വകുപ്പിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം അഞ്ചുപേരാണ് ഈ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.