കേരളത്തിലെ സ പിഐയുടെ ദീർഘകാല ചരിത്രത്തിൽ രണ്ടാമതൊരു വനിതാമന്ത്രി. 62 വർഷത്തിന് ശേഷം സിപിഐ ചരിത്രത്തിലേക്ക് വീണ്ടുമൊരു വനിതാമന്ത്രിയായി നിയോഗിക്കപ്പെടുന്നത് കേന്ദ്രകമ്മിറ്റിയംഗം ചിഞ്ചുറാണി. ചടയമംഗലം മണ്ഡലത്തിൽ നിന്നും ജയിച്ച ചിഞ്ചുറാണി മന്ത്രിയാകുമ്പോൾ സിപിഐയുടെ ചരിത്രത്തിലെ രണ്ടാം വനിതാ മന്ത്രിയാണ്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ആദ്യ സർക്കാർ രൂപീകരിച്ചപ്പോൾ അന്ന് മന്ത്രിയായ കെ. ആർ.ഗൗരിയമ്മയാണ് സിപിഐയുടെ ഏക വനിതാ മന്ത്രി. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം പോയ ഗൗരിയമ്മ വീണ്ടും മന്ത്രിയായെങ്കിലും സിപിഐയക്ക് പിന്നീട് ഇന്നുവരെ വനിതാ മന്ത്രിമാരുണ്ടായില്ല. ആ ചരിത്രമാണ് ചിഞ്ചുറാണിയെ മന്ത്രിയാക്കി സിപിഐ തിരുത്തുന്നത്.
കേരളത്തിലെ സിപിഐക്ക് ഇത്തവണയും നാല് മന്ത്രിമാരാണുള്ളത്. ഇതിന് പുറമെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐയക്കാണ്. ചിഞ്ചുറാണിക്ക് പുറമെ തൃശൂരിലെ ഒല്ലൂരിൽ നിന്നുള്ള കെ.രാജൻ. രാജൻ നിലവിലെ ചീഫ് വിപ്പായിരുന്നു. ആലപ്പുഴ ചേർത്തലയിൽ നിന്നും ജയിച്ച പി.പ്രസാദ്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും ജയിച്ച ജി.ആർ.അനിൽ എന്നിവരാണ് മറ്റ് മന്ത്രിമാർ.
പത്തനംതിട്ട അടൂരിൽ നിന്നും ജയിച്ച ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കറാവുക. മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭാകക്ഷി നേതാവ് ആകും.
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ഒരു ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്നു. മുന്നണി വികസിച്ച സാഹചര്യത്തിൽ സിപിഎം ഒരു മന്ത്രിസ്ഥാനം ഘടകകക്ഷികൾക്കായി വിട്ടു നൽകിയപ്പോൾ സിപിഐ ചീഫ് വിപ്പ് സ്ഥാനം വിട്ട് നൽകി.