ന്യൂഡൽഹി: അമേരിക്കയുമായി ഇന്ത്യ സൗഹൃദം ശക്തമാക്കുന്നതിനിടെ നയതന്ത്ര ഉപരോധവുമായി ചൈന രംഗത്ത്. സിക്കിമിൽ അതിർത്തി കടന്ന് ഇന്ത്യ ചൈനയെ ആക്രമിച്ചെന്നാണ് ചൈനയുടെ ആരോപണം. ഇന്ത്യൻ സൈന്യം അതിർത്തി മറികടന്ന് ചൈനീസ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയെന്നാണ് ആരോപണം.

സിക്കിം അതിർത്തിയിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലും ബീജിങ്ങിലും നയതന്ത്ര സഹകരണം ചൈന നിർത്തിവച്ചു. ചൈനയിലെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

അതിർത്തിയിൽ പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് മാനസ സരോവരിലേക്കുള്ള ഇന്ത്യൻ തീർത്ഥാടകരുടെ നാതുല പാസ് വഴിയുള്ള പ്രവേശനം തടഞ്ഞതെന്നും ചൈന വ്യക്തമാക്കി. നയതന്ത്ര ഉപരോധം ഏർപ്പെടുത്തിയ കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാംഗ് അറിയിച്ചു.

ഇന്ത്യൻ സൈന്യത്തെ ഇവിടെ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റൊരു വക്താവായ ഗെംഗ് ഷുവാംഗ് പറഞ്ഞു.

അതിർത്തി സംബന്ധിച്ച കാര്യങ്ങളിലെ ഉടമ്പടി നിലനിൽക്കുമെന്ന് ഇന്ത്യ ഉറപ്പുനൽകിയതായി ചൈനീസ് സൈനിക വക്താവ് റെൻ ഗുവോകിയാംഗ് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇരു രാജ്യങ്ങളുടെയും അതിർത്തിയെ ബഹുമാനിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഗുവോകിയാംഗ് പറഞ്ഞിട്ടുണ്ട്.

ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അചഞ്ചലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും, ഇതാണ് ഇന്ത്യയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഗുവോകിയാംഗ് പറഞ്ഞു. ജൂൺ ഒന്നിന് സിക്കിമിലെ ദോകാ ലാ പ്രദേശത്ത് ഇരു രാജ്യങ്ങളും തമ്മിൽ അസ്വസ്ഥതകൾ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ചൈനീസ് സൈന്യം ഇന്ത്യൻ പക്ഷത്തെത്തി ആക്രമണം നടത്തിയത്. ഇന്ത്യയുടെ രണ്ട് ബങ്കറുകൾ ഈ ആക്രമണത്തിൽ തകർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ