തിരുവനന്തപുരം: പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൊമ്പുകോര്‍ത്ത് വി.ടി.ബല്‍റാം എംഎല്‍എ. നിയമസഭയിലാണ് ഇരുവരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. മജിസ്റ്റീരിയല്‍ അധികാരം നല്‍കി പൊലീസ് കമ്മീഷണറേറ്റ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ ബല്‍റാം ചോദ്യം ചെയ്തു. അടിയന്തര പ്രമേയത്തിനിടെയാണ് ബല്‍റാം ഇക്കാര്യം ഉന്നയിച്ചത്. അതിനിടയില്‍ ചൈനയും ചര്‍ച്ചകളില്‍ കയറി വന്നു. ബല്‍റാം ചൈനക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടപ്പെട്ടില്ല. ബല്‍റാം നടത്തിയ ചൈന വിരുദ്ധ പരാമര്‍ശം മുഖ്യമന്ത്രി ചോദ്യം ചെയ്തു. അന്ധമായ വിരോധം എന്തിനാണ് ചൈനയോട് എന്ന് പിണറായി വിജയന്‍ സഭയില്‍ ചോദിച്ചു.

Read Also: പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്; ധൃതിയില്ലെന്ന് പിണറായി വിജയന്‍

കരുതല്‍ തടങ്കല്‍ പോലുള്ള മനുഷ്യത്വ വിരുദ്ധമായ നിയമങ്ങള്‍ പുരോഗതി നേടിയ രാജ്യങ്ങളില്‍ ഇല്ലെന്നും ഇവ ആഫ്രിക്കന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലുമൊക്കെയാണ് ഉള്ളതെന്നും ബല്‍റാം പറഞ്ഞു. ഈ ഒരു രീതി കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്വാഭാവികമായി ഉണ്ടെന്നും കൂടി ബല്‍റാം പറഞ്ഞു. ചൈനയും ക്യൂബയും ഉത്തരകൊറിയയുമൊക്കെയാണ് ഇവര്‍ക്ക് (ഭരണപക്ഷത്തിന്) മാതൃകയായി മാറുന്നതെന്നും ബൽറാം പറഞ്ഞു. ലോകം മുഴുവൻ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രക്ഷോഭം നടക്കുന്നു. കഴിഞ്ഞ ആഴ്ച വരെ ഹോങ്കോങ്ങിൽ പ്രക്ഷോഭം നടക്കുകയായിരുന്നു. ബ്രിട്ടനു കീഴിൽ വലിയ നിയമവാഴ്ച അനുഭവിച്ച രാജ്യത്ത് ചൈനയ്ക്ക് അധികാരം കൈമാറിയതോടെ എന്തും നടക്കുമെന്ന ആശങ്കയിൽ ആ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ന്നപ്പോള്‍ അവിടുത്തെ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നുവെന്നും ബൽറാം നിയമസഭയിൽ പറഞ്ഞു.

ചൈനക്കെതിരെ ബൽറാം ആരോപണം ഉന്നയിച്ചതോടെ മുഖ്യമന്ത്രി അതിനു മറുപടിയുമായി എത്തി. എന്തിനാണ് അന്ധമായ ചൈന വിരോധം എന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്ധമായ വിരോധം ഇങ്ങനെ നിലനിർത്തി പോകേണ്ടതുണ്ടോ എന്നും മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.

മുഖ്യമന്ത്രി നിയമസഭയിൽ ബൽറാമിന്റെ ചൈന വിരുദ്ധ പരാമർശത്തിന് നൽകിയ മറുപടിയുടെ പൂർണരൂപം:

“എന്തിനാണിപ്പോ ചൈനയെ അടക്കം ആക്ഷേപിക്കാന്‍ പുറപ്പെട്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. താന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കലാണെന്നാണ് തോന്നുന്നത്. ചൈനയുടെ ‘തോന്ന്യാസം’ എന്നാണ് പറഞ്ഞ വാക്ക്. എവിടെയാണ് നില്‍ക്കുന്നത്. എന്താണ് ഇതിന്റെയൊക്കെ ഒരു അര്‍ഥം. എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്. അന്തമായ ഒരു വിരോധം ഇങ്ങനെ നിലനിര്‍ത്തി പോകേണ്ടതായിട്ട് ഉണ്ടോ. സര്‍, ഇതൊക്കെ ആലോചിക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ സംസ്ഥാനത്ത് പല നല്ലതിന്റെയും വക്താവായി നില്‍ക്കുന്നു എന്നാണല്ലോ ഈ അംഗമൊക്കെ (വി.ടി.ബല്‍റാമിനെ ഉദ്ദേശിച്ച്) ചിലപ്പോ അവകാശപ്പെടുന്നത്. അപ്പോ, ഇങ്ങനെയൊരു തെറ്റായ ധാരണ മനസില്‍ വച്ചു നടക്കേണ്ടതായിട്ട് ഉണ്ടോ. അതുകൊണ്ട് ഇവിടെ എതെങ്കിലും തരത്തില്‍ നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കുക എന്നൊരു, ധൃതി പിടിച്ച് നടപ്പാക്കുക എന്നൊരു ഉദ്ദേശമല്ല ഉള്ളത്. പല അഭിപ്രായങ്ങളും വന്നിട്ടുണ്ട്. എല്ലാം ചര്‍ച്ച ചെയ്തുകൊണ്ട് നമുക്കൊരു തീരുമാനത്തിലേക്ക് എത്താമെന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.”

പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം ധൃതിപിടിച്ച് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തിടുക്കമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. കമ്മീഷണറേറ്റ് രൂപീകരണത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. വേണ്ടത്ര കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും പിണറായി വിജയന്‍ ചൊവ്വാഴ്ച പറഞ്ഞു.

പൊലീസ് കമ്മീഷണറേറ്റിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കുന്ന കാര്യവും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ് രൂപീകരിക്കുന്ന കാര്യം നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാരിന് ധൃതിയില്ലെന്നാണ് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്.

Read Also: ബൽറാം നിയന്ത്രണം പാലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ

നഗരത്തിലെ പൊലീസിന് കൂടുതൽ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാക്കുകയാണ് ലക്ഷ്യമെന്നാണ് പിണറായി വിജയൻ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. രാജ്യത്ത് 44 ഓളം നഗരങ്ങളിൽ കമ്മീഷണറേറ്റ് പ്രവൃത്തിക്കുന്നുണ്ട്. അത് നിയമസംവിധാനത്തെ കൂടുതൽ സുരക്ഷിതത്വവും ഭദ്രവും ആക്കാനാണെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.

പ്രതിപക്ഷം പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിന് എതിരാണ്. ഐഎഎസ് ലോബിയുടെ സമ്മർദത്തിന് സർക്കാർ വഴങ്ങുകയാണെന്ന് പ്രതിപക്ഷത്തു നിന്നുള്ള എംഎൽഎ വി.ടി.ബൽറാം ആരോപിക്കുന്നു. പൊലീസിന് പൂർണ അധികാരം നൽകുന്നത് ക്രമസമാധാനത്തെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ പൂർണ അധികാരം പൊലീസിന് ലഭിക്കുന്നത് എന്ത് പരിണിത ഫലമാണ് ഉണ്ടാക്കുക എന്നും വി.ടി.ബൽറാം ചോദിച്ചു. പൊലീസിന് പൂർണ അധികാരം നൽകുന്നത് മനുഷ്യാവകാശ ലംഘനം ആകുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.