കൊച്ചി: കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്‌പ്രേ ചെയ്തത് ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകുപൊടി സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി നേരത്തെ ആരോപിച്ചിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ശ്രീനാഥിനെ കസ്റ്റഡിയിലെടുത്തത്.

ബിന്ദുവിന്റെ മുഖത്തേക്ക് ഒരാൾ സ്‌പ്രേ ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. കമ്മിഷണർ ഓഫീസിലേക്ക് എത്തുകയായിരുന്ന ബിന്ദുവിന്റെ മുഖത്തേക്ക് സെെഡിൽ നിന്നുവന്ന ശ്രീനാഥ് സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാൾ കാവി മുണ്ടാണ് ധരിച്ചിരുന്നത്. ബിന്ദുവിന്റെ പിന്നാലെ പോയി ശ്രീനാഥ് സ്‌പ്രേ ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ബിന്ദു അമ്മിണി ഇയാളുടെ പിന്നാലെ പോയി ശ്രീനാഥിന്റെ പുറത്ത് ഇടിച്ചു.

ബിന്ദു അമ്മിണി ശബരിമലയിലേക്ക് പോകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കൊച്ചിയില്‍വച്ച് ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.രാജഗോപാൽ പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിന്ദുവിനെതിരെ പ്രതിഷേധം നടന്നത്.

ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി ഇന്ന് പുലർച്ചയോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. ഭൂമാതാ ബ്രിഗേഡിലെ അഞ്ച് നേതാക്കളും സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പമാണ് ബിന്ദു അമ്മിണിയും ശബരിമല ദർശനത്തിന് പോകുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നത്.

Read Also: ബിന്ദു അമ്മിണിക്കെതിരെ പ്രതിഷേധം; മുഖത്തേക്ക് മുളകുപൊടി സ്‌പ്ര‌േ ചെയ്‌തെന്ന് ആരോപണം

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ലെന്നും ഇത്തവണ ശബരിമല ദർശനം നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്ന് തൃപ്തി ദേശായി പറഞ്ഞു. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഇല്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.