കൊച്ചി: ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ആദിവാസി കോളനികളില്‍ നിന്നു കൊണ്ടുവരുന്ന പരമ്പരാഗത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ചില്ലയെന്ന ഓപ്പണ്‍ മാര്‍ക്കറ്റ് അഞ്ചുവര്‍ഷത്തിനിടെ നേടിയത് രണ്ടു കോടി രൂപയുടെ വില്‍പന. ആദിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാര്‍ കുറഞ്ഞവിലയ്ക്കു തട്ടിയെടുത്ത് ആദിവാസികളെ ചൂഷണം ചെയ്യുന്നത് പതിവായതോടെയാണ് അന്നത്തെ മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ ഡിഎഫ്ഒ ആയിരുന്ന സാബി വര്‍ഗീസിന്റെയും റേഞ്ച് ഓഫീസര്‍മാരായ എം.ജി.വിനോദ്കുമാര്‍, പി.കെ.വിപിന്‍ദാസ് എന്നിവരുടെയും നേതൃത്വത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.

പെരിയകുടി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു ഓപ്പണ്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി നാൽപതോളം ആദിവാസി കുടികളാണുള്ളത്. ഇവിടെയുള്ള ആദിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ എല്ലാ വ്യാഴാഴ്ചയും മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ ഓഫീസിനു മുമ്പില്‍ ലേലത്തിലൂടെ വില്‍ക്കുകയാണ് പതിവെന്ന് ചില്ല കോര്‍ഡിനേറ്ററായ കെ.വി.ബിനോജി പറയുന്നു. വിവിധ കുടികളില്‍ നിന്നുള്ള ആദിവാസികള്‍ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാന്താരി മുളക്, കൂര്‍ക്ക, നാരങ്ങ, മുട്ട, ആട്, കോഴി, വിവിധയിനം പച്ചക്കറികള്‍ എന്നിവയാണ് ലേലത്തിനെത്തിക്കുക. 11 മണിയോടെ ലേലം തുടങ്ങുകയാണ് പതിവ്.

chilla, idukki, ie malayalm

കട്ടപ്പന, തൊടുപുഴ, ഉടുമല്‍പേട്ട്, അടിമാലി, പൊള്ളാച്ചി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ ലേലം വിളിക്കാനെത്തും. ആദിവാസികള്‍ കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വനംവകുപ്പ് വില നിശ്ചയിക്കുകയും തുടര്‍ന്ന് കര്‍ഷകന്റെ കൂടി സമ്മതത്തോടെ ലേലം വിളിക്കുകയാണ് പതിവ്. എത്ര ചെറിയ അളവ് ഉല്‍പ്പന്നം പോലും ലേലത്തിലൂടെ വില്‍ക്കാനാവും, ബിനോജി പറയുന്നു. മുന്‍പു പണത്തിനായി പുരുഷന്മാരെ ആശ്രയിച്ചിരുന്ന ആദിവാസി സ്ത്രീകള്‍ ചില്ല ഓപ്പണ്‍ മാര്‍ക്കറ്റ് വന്നതോടെ സ്വന്തമായി ഉല്‍പ്പന്നങ്ങളുണ്ടാക്കുകയും ചില്ല വിപണിയിലൂടെ വിറ്റഴിച്ച് വരുമാനം നേടുകയുമാണ് ചെയ്യുന്നത്. വില്‍പ്പനയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് മറ്റുകുടികളിലുള്ള ബന്ധുക്കളൈ കാണാനും ചില്ല ഓപ്പണ്‍ മാര്‍ക്കറ്റ് അവസരമൊരുക്കുന്നുണ്ട്, ബിനോജി പറഞ്ഞു.

ആദിവാസികളെ ചൂഷണത്തില്‍ നിന്നു സംരക്ഷിക്കാൻ കഴിഞ്ഞതാണ് ചില്ല ഓപ്പണ്‍ മാര്‍ക്കറ്റ് വന്നതോടെയുണ്ടായ പ്രധാന നേട്ടമെന്ന് മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ ഡിഎഫ്ഒ ബി.രഞ്ജിത് അഭിപ്രായപ്പെടുന്നു. മുന്‍പ് ഒരു കിലോ നെല്ലിക്ക 50 പൈസമുതല്‍ ഒരു രൂപ വരെയുള്ള വിലയ്ക്കാണ് ആദിവാസികള്‍ വിറ്റഴിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നെല്ലിക്ക കിലോയ്ക്ക് 26-മുതല്‍ മുപ്പതു രൂപവരെ ലഭിക്കുന്നുണ്ട്. വിപണിയും വിലയും ഉറപ്പായതോടെ കൃഷി ചെയ്യാനും മൃഗങ്ങളെ വളര്‍ത്താനും ആദിവാസികള്‍ മുന്‍കാലങ്ങളേക്കാള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്, രഞ്ജിത് പറയുന്നു.

chilla, idukki, ie malayalm

ചില്ല ഓപ്പണ്‍ മാര്‍ക്കറ്റ് വന്നതോടെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്‍തോതിലുള്ള വന്‍ധനവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍പ് കിലോയ്ക്ക് 50 രൂപ വിലയുണ്ടായിരുന്ന കാട്ടുപടവലം നിലവില്‍ 250 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. വൈകാതെ ഉല്‍പ്പന്നങ്ങളുടെ പണം പൂര്‍ണമായി അക്കൗണ്ടിലൂടെ നല്‍കാനും വനംവകുപ്പിന് പദ്ധതിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.