തിരുവനന്തപുരം: ശിശുദിനം ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും പറഞ്ഞ് പുലിവാലു പിടിച്ച മന്ത്രി എം.എം.മണി ഒടുവില്‍ ഖേദപ്രകടനം നടത്തി. തനിക്കു പറ്റിയ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നതായി എം.എം.മണി ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. നെഹ്‌റുവിന്റെ ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ നാക്കുപിഴ സംഭവിച്ചതാണ് മന്ത്രിക്ക് വിനയായത്. പ്രസംഗിച്ചു വന്നപ്പോള്‍ നെഹ്റുവിന്റെ ജന്മദിനം അന്തരിച്ച ദിനമായി മാറിയതാണ്.

ഇന്നലെ ശിശുദിനാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. കട്ടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനിടയിൽ ശിശുദിനാശംസകൾ നേർന്നപ്പോൾ മന്ത്രിക്ക് നാക്കുപിഴയുണ്ടായി. നെഹ്‌റുവിന്റെ ജന്മദിനത്തിനു പകരം മന്ത്രി പറഞ്ഞത് നെഹ്‌റു അന്തരിച്ച ദിനമെന്നാണ്. മാത്രമല്ല, നെഹ്‌റു അന്തരിച്ച ദിനം ഒരു സുദിനമാണെന്നും മന്ത്രി പറയുന്നുണ്ട്.

Read Also: കാള പെറ്റെന്ന് കരുതി കയറുമെടുത്ത് ഇങ്ങോട്ടു വരേണ്ട; ടയര്‍ വിവാദത്തില്‍ എം.എം.മണി

“നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണ് ഇന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ, അതിനെ മുന്നോട്ടു നയിക്കുന്നതിൽ നല്ല പങ്കുവഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി. ദീർഘനാൾ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നത്”- മന്ത്രി എം.എം.മണി നടത്തിയ പ്രസംഗം ഇങ്ങനെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.