/indian-express-malayalam/media/media_files/uploads/2018/08/amba.jpg)
Kerala Floods: കേരളം പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്. പലയിടത്തും മഴ കുറഞ്ഞത് ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി മാറിയിട്ടുണ്ട്. കുടുങ്ങി കിടന്ന പലരേയും പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.
മഴയും വെള്ളപ്പൊക്കവും ഏറെ ബാധിച്ച ജില്ലയായിരുന്നു വയനാട്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ജില്ലയിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു പോയിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങളായി മഴ കുറഞ്ഞതിനാല്‍ ജില്ലയില്‍ ഇപ്പോള്‍ ആശ്വാസത്തിന്റെ കാറ്റ് വീശുകയാണ്.
പ്രളയക്കെടുതിയിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറുകയാണ്. വയനാട് സുഗന്ധഗിരിയിലെ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസറായ അഭിലാഷ് പകര്‍ത്തിയ വീഡിയോയാണ് പ്രതീക്ഷയുടെ കിരണമായി മാറുന്നത്. സുഗന്ധഗിരി അംബ എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്നുമുള്ളതാണ് ദൃശ്യം. ദു:ഖങ്ങള്‍ മറന്ന് നല്ല നാളെ സ്വപ്‌നം കാണുന്ന കുരുന്നുകളാണ് വീഡിയോയിലുള്ളത്. ദുരിതപ്പെയ്ത്തിനെ പാട്ടു പാടി നേരിടുകയാണവര്‍.
''സുഗന്ധഗിരിയില്‍ നിന്നും ഒന്നൊന്നര കിലോമീറ്ററുണ്ട് അംബ എല്‍പി സ്‌കൂളിലേക്ക്. കഴിഞ്ഞ 11ാം തിയ്യതിയാണ് ഞങ്ങളവിടേക്ക് എത്തുന്നത്. പോകുന്ന വഴിയില്‍ പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും സംഭവിച്ചിട്ടുണ്ടായിരുന്നു. വളരെ ദുഷ്‌കരമായിരുന്നു യാത്ര. അതൊക്കെ കടന്ന് അവിടെ എത്തിയപ്പോള്‍ കണ്ടത് വിഷമിച്ച്, പേടിച്ചിരിക്കുന്നവരെയാണ്. കുട്ടികളൊക്കെ വിഷമിച്ചിരിക്കുകയാണ്. അത് കണ്ടതോടെ അവരെ ഞങ്ങള്‍ സമാധാനിപ്പിക്കുകയായിരുന്നു. അവരെ സന്തോഷിപ്പിക്കാനായി ഞങ്ങള്‍ അവര്‍ക്കൊപ്പ്ം ചേരുകയും പാട്ടു പാടുകയുമൊക്കെ ചെയ്തു. രണ്ടാം ദിവസം അവിടെ എത്തുമ്പോഴേക്കും അവരൊക്കെ ഉഷാറായിരുന്നു. എല്ലാവരും വട്ടത്തില്‍ ചേര്‍ന്നു നിന്ന് ഒരുമിച്ച് ഒരേ ശബ്ദത്തില്‍ പാടുകയായിരുന്നു. അവരുടെ സന്തോഷം ഞങ്ങള്‍ക്കും ഒരുപാട് പ്രതീക്ഷ നല്‍കുന്നതായിരുന്നു,'' അഭിലാഷ് പറയുന്നു.
വൈത്തിരിയിലാണ് അഭിലാഷ് താമസിക്കുന്നത്. അവിടെ നിന്നും എട്ട് കിലോമീറ്ററോളം അകലമുണ്ട് സുഗന്ധഗിരിയിലെ പ്ലാന്റേഷന്‍ ആശുപത്രിയിലേക്ക്. കോഴിക്കോടാണ് അഭിലാഷിന്റെ കുടുംബം ഇപ്പോള്‍. മഴ കാരണം ചുരം വഴിയുളള ഗതാഗതം മുടങ്ങി കിടക്കുന്നതിനാല്‍ വീട്ടിലേക്ക് പോയിട്ട് നാളുകളായെന്നും അതുകൊണ്ടു തന്നെ അംബ സ്‌കൂളിലെ കുട്ടികളുടെ സ്നേഹം തനിക്ക് നല്‍കുന്നത് മക്കളെ കാണുമ്പോഴുള്ള സന്തോഷമാണെന്നും അഭിലാഷ് പറയുന്നു.
അഭിലാഷിന്റെ സഹോദരനായ ഡോക്ടർ എം പി രാജേഷ് കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ എഴുതുന്നു.
"മഴയെന്താണ് വിചാരിച്ചത്?
എത്ര പെയ്ത് കുതിർത്താലും
ഏതു പേമാരിക്കൊടുവിലും
ഒരു കീറ് സൂര്യൻ
ഉദിച്ചു വരിക തന്നെ ചെയ്യും!
അനിയൻ അഭിലാഷ് സുഗന്ധഗിരി പി.എച്ച്. സി.യിലെ മെഡിക്കൽ ഓഫീസറാണ്. റിലീഫ് ക്യാമ്പുകൾ സന്ദർശിക്കുന്നതിനിടെ അവരുടെ ടീം, ഉരുൾപൊട്ടിയ മലകളിലൂടെ, ഏറ്റവും ദുഷ്കരമായ യാത്ര കഴിഞ്ഞ്, 'അംബ' എൽ.പി. സ്കൂളിലെ ക്യാമ്പിലെത്തിയപ്പോൾ, വിഷാദത്തോടെ, മഴ നോക്കി, ഇരുണ്ട മുറിയിൽ, ചടഞ്ഞിരിക്കുന്ന കുട്ടികളെ കണ്ടു.
ഒന്നു തൊട്ടപ്പോഴേക്കും നൂറു പൂക്കൾ വിരിഞ്ഞുലഞ്ഞു."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us