scorecardresearch

മന്ത്രവാദ ചികിത്സ: പത്തനംതിട്ടയിലെ ‘വാസന്തിയമ്മമഠം’ അടിച്ചുതകര്‍ത്തു; നടത്തിപ്പുകാരി ശോഭന പിടിയില്‍

ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു

മന്ത്രവാദ ചികിത്സ: പത്തനംതിട്ടയിലെ ‘വാസന്തിയമ്മമഠം’ അടിച്ചുതകര്‍ത്തു; നടത്തിപ്പുകാരി ശോഭന പിടിയില്‍

പത്തനംതിട്ട: ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയിരുന്ന കേന്ദ്രം യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു. ഇവിടെ മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. മന്ത്രവാദ ചികിത്സ കേന്ദ്രം നടത്തിയിരുന്ന ദമ്പതികളായ ശോഭന, ഉണ്ണികൃഷ്ണന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഇതിന് പിന്നാലെയാണ് പോലീസെത്തി മന്ത്രവാദ ചികിത്സ നടത്തിയിരുന്നവരെ കസ്റ്റഡിയിലെടുത്തത്.

മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പൊതീപാട് എന്ന സ്ഥലത്താണ് വാസന്തിയമ്മമഠം സ്ഥിതിചെയ്തിരുന്നത്. ആറ് വര്‍ഷത്തോളമായി ഇത് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ തേടിയാണ് ആളുകള്‍ ഇടേക്കു വന്നിരുന്നത്. നേരത്തെയും ഈ സ്ഥാപനത്തിനെതിരെ പ്രതിഷേധവും പരാതിയും ഉയര്‍ന്നിരുന്നു.

മലയാലപ്പുഴ സംഭവം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Child witchcraft pathanamthitta

Best of Express