ഒന്നര വയയസ് പ്രായമുള്ളപ്പോഴാണ് ശലക സഞ്ജു പെയിന്റിങ് ബ്രഷ് കൈയ്യിലെടുക്കുന്നത്. അഞ്ചു വയസിനുള്ളില്‍ ഈ കൊച്ചുമിടുക്കി വരച്ചത് എണ്ണൂറോളം ചിത്രങ്ങൾ, നടത്തിയ അഞ്ചു ചിത്രപ്രദര്‍ശനങ്ങൾ. നിറങ്ങളും ബ്രഷും ക്യന്‍വാസും കണ്ടാല്‍ ശലക എല്ലാം മറക്കും. പിന്നെ അതാണ് ഈ അഞ്ചുവയസുകാരിയുടെ ലോകം.

18 മാസം പ്രായമുള്ളപ്പോഴാണ് വരയോടുള്ള മകളുടെ താത്പര്യം മാതാപിതാക്കളായ സഞ്ജുവും ആഷ്മിയും തിരിച്ചറിഞ്ഞത്. അവര്‍ ശലകയ്ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കി കൂടെനിന്നു.

ലോകത്തെക്കുറിച്ചുള്ള ശലകയുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഓരോ ചിത്രങ്ങളിലും വ്യക്തമായി കാണാം. ഓരോ നിറങ്ങളിലും വരകളിലും ഒരിക്കലും തീരാത്ത കൗതുകത്തിന്റെയും നിഷ്‌കളങ്കതയുടെയും അടയാളങ്ങള്‍ ബാക്കിയാക്കുന്നുണ്ട് ശലക.

shalaka sanju

വരകളുടെ ലോകത്ത് സ്വന്തമായൊരു ശൈലി കണ്ടെത്തിയിട്ടുണ്ട് ഈ കൊച്ചു പ്രായത്തില്‍ തന്നെ ശലക. വരയ്ക്കുമ്പോള്‍ ആളത്ര കൊച്ചു കുഞ്ഞൊന്നുമല്ല. വരകള്‍ക്കിടയില്‍ ചിന്തിക്കാന്‍ ഒരുപാട് ബാക്കിവയ്ക്കുന്നുണ്ട്.

അടുത്തിടെ പുലിമുരുകന്‍ സിനിമ കണ്ട് ഒരു ‘പുലിമുരുകനെ’ വരച്ച് ഷലക സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് സമ്മാനിച്ചിരുന്നു. ബ്രഷും പിടിച്ചു നിന്നു കൊണ്ട് തന്റെ ചിത്രങ്ങളെ നോക്കി ‘ദിസ് ഇസ് പെര്‍ഫെക്ട്’ എന്ന് ഉറച്ച ശബ്ദത്തില്‍ ആത്മവിശ്വാസത്തോടെ പറയുന്ന ഈ കൊച്ചുമിടുക്കിയില്‍ നിന്നും ഇനിയും കൂടുതല്‍ കഴിവുകള്‍ പുറത്തുവരട്ടെ..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.