തിരുവനന്തപുരം: ക്ലാസ്മുറിയിൽ വിദ്യാർഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ. വകുപ്പുതല നടപടികളോ ക്രിമിനൽ നടപടികളോ വേണ്ടെന്ന തീരുമാനമാണ് ബാലവകാശ കമ്മീഷൻ സ്വീകരിച്ചത്. അതേസമയം രക്ഷാകർത്താവ് വരുംവരെ കാത്തിരുന്ന അധ്യാപകരുടെ നടപടി ശരിയല്ല, എന്നാൽ കുട്ടികളുടെ ഭാവിയെകരുതി ഈ വീഴ്ചയിൽ നടപടി വേണ്ടതില്ലെന്നാണ് വിലയിരുത്തലെന്ന് ചെയർമാൻ പി.സുരേഷ് പറഞ്ഞു.
നേരത്തെ സർക്കാരിന് സമർപ്പിക്കുന്നതിനായി തെളിവെടുപ്പ് നടത്തി തയ്യാറാക്കിയ റിപ്പോർട്ടിലും സമാനമായ പരാമർശമുണ്ടായിരുന്നു. ഫിറ്റ്നസ് നൽകുന്നതിന് ചുമതലപ്പെട്ട ഉദ്യാഗസ്ഥർ ക്ലാസ് റൂം പരിശോധിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കമായിരുന്നു. ഈ സാഹചര്യത്തിൽ കൃത്യമായി ക്ലാസ് റൂമുകൾ പരിശോധിക്കാതെ ഫിറ്റ്നസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Also Read: ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു
ചികിത്സ വൈകിപ്പിച്ച ഡോക്ടർക്കെതിരെയും വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഡോക്ടറുടെ നടപടി ഗുരുതര കൃത്യവിലോപവും കുറ്റകരവും വൈദ്യ നൈതികതക്ക് എതിരുമാണെന്ന് കമ്മീഷൻ കണ്ടെത്തി. ഇക്കാര്യങ്ങൾ വ്യക്തമാക്കി 22 പേജുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചു.
സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലാതെ കേസ് എങ്ങനെ തെളിയിക്കുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അധ്യാപകരുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. പോസ്റ്റ്‌മോർട്ടം നടന്നിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചപ്പോഴാണ് കേസ് എങ്ങനെ തെളിയിക്കുമെന്ന് കോടതി ആരാഞ്ഞത്.
Also Read: വാളയാര്‍ കേസ് പ്രതിക്കുനേരെ നാട്ടുകാരുടെ ആക്രമണം
പൊതുജനാഭിപ്രായം കണക്കിലെടുക്കാനാവില്ലെന്നും ഉത്തരവ് വസ്തുതകളുടെ അടിസ്ഥാനത്തിലേ പുറപ്പെടുപ്പിക്കാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. വസ്തുതാപരമായ തെളിവുകൾ ഇല്ലാതെ പ്രതികളുടെ കുറ്റകരമായ അനാസ്ഥ എങ്ങനെ കണ്ടെത്താനാവുമെന്നും കോടതി ചോദിച്ചു.