കൊച്ചി: ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വേണ്ടിയുള്ള ഇന്റര്‍നെറ്റിലെ തിരച്ചില്‍ വർധിച്ചുവെന്ന് കേരള പൊലീസിന്റെ സൈബര്‍ കുറ്റകൃത്യ വിഭാഗമായ സൈബര്‍ ഡോം കണ്ടെത്തി. രാജ്യത്ത് പോണിനുവേണ്ടിയുള്ള തിരച്ചില്‍ നൂറുശതമാനത്തോളം വർധിച്ചപ്പോഴാണ് കേരളത്തില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കണ്ടന്റിന് ആവശ്യക്കാര്‍ ഉയര്‍ന്നത്.
ഇത്തരം വസ്തുക്കള്‍ തിരഞ്ഞ 150-ല്‍ അധികം പേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞുവെന്നും അവര്‍ക്കെതിരെ നടപടി ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
വീട്ടില്‍ കുട്ടികള്‍ അടങ്ങിയിരിക്കുന്നതിന് മാതാപിതാക്കള്‍ മൊബൈലും കംപ്യൂട്ടറും മറ്റും നല്‍കുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ കുട്ടികളെ വലയിലാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലെ സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു. കുട്ടികള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നത് ഇത്തരക്കാര്‍ക്ക് സുവര്‍ണാവസരം ഒരുക്കുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണിനെ കുറിച്ച് ആശങ്കപ്പെടുകയും ഏകാന്തതയില്‍ കഴിയുന്നതും കാരണം കുട്ടികളെ എളുപ്പത്തില്‍ ലക്ഷ്യമിടാന്‍ കഴിയുമെന്ന് ബാലപീഡകര്‍ കരുതുന്നു.
Read Also: കെ.എം.ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിനു അനുമതി; പിന്നിൽ പിണറായിയെന്ന് എംഎൽഎ
ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് നെറ്റിലും കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ വർധിച്ചിട്ടുണ്ടെന്ന് ഇത്തരം തിരച്ചിലുകളും മറ്റും കണ്ടെത്തുന്നതിനായി കേരള പൊലീസ് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ നിരീക്ഷിക്കുന്നു.
ഡാര്‍ക്ക് നെറ്റിലെ ചാറ്റ് റൂമുകളിലും ഇത്തരം കണ്ടന്റുകള്‍ ചോദിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നു. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസഞ്ചര്‍ ആപ്പുകളിലെ പോണ്‍ ഗ്രൂപ്പുകളിലും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇരകളുടെ വീട്ടിലെ വെബ് ക്യാമുകള്‍ മാല്‍വെയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതും ആഗോളതലത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അടുത്തിടെ വീടുകളുടേയും ഫ്‌ളാറ്റുകളുടേയും ഉള്ളില്‍ നിന്നുള്ള അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ കൂടുതലായി അപ്‌ലോഡ് ചെയ്യുന്നുവെന്ന് പൊലീസ് പറുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ എടുത്ത ചിത്രങ്ങളാകാം ഇപ്രകാരം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.
വീടുകളില്‍ അടച്ചിടപ്പെട്ടിരിക്കുന്ന കുട്ടികളെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. മാതാപിതാക്കള്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും കുട്ടികള്‍ എന്താണ് ബ്രൗസ് ചെയ്യുന്നതെന്നും പരിശോധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
Read Also: അത്ര കൂളൊന്നുമല്ല; ധോണിയുടെ നിയന്ത്രണം നഷ്ടപ്പെട്ട നിമിഷത്തെക്കുറിച്ച് കുൽദീപ് യാദവ്
കുട്ടികളെ ദുരുപയോഗം ചെയ്ത കണ്ടന്റുകള്‍ തിരയുന്ന ഐപി അഡ്രസുകള്‍ പൊലീസിന്റെ സൈബര്‍ സെല്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ശേഖരിച്ചിട്ടുണ്ട്. വ്യക്തിവിവരങ്ങള്‍ ഒളിച്ചു വയ്ക്കാന്‍ ടോര്‍, വിപിഎന്‍ തുടങ്ങിയവ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തുന്നവരും നിരീക്ഷണത്തിലാണ്. പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് വിവരങ്ങള്‍ ആരാഞ്ഞ് പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സെല്ലും പൊലീസ് രൂപീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കും. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.