scorecardresearch
Latest News

ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാള്‍ അഞ്ച് മടങ്ങ് മുന്നിൽ

കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ ദേശീയ സര്‍വേയിലും കേരളം ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാള്‍ അഞ്ച് മടങ്ങ് മുന്നിൽ

തിരുവനന്തപുരം: ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം ഒന്നാമത്. ദേശീയ സമഗ്ര പോഷകാഹാര സർവേയിലാണ് കേരളം ഒന്നാമതെത്തിയത്. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിലാണിത്.

പോഷകാഹാരം ഉറപ്പാക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നാണ് സർവേയിൽ പറയുന്നത്. രാജ്യത്ത്‌ ഈ പ്രായപരിധിയിലുള്ള കുട്ടികളിൽ 6.4 ശതമാനം പേർക്ക്‌ മാത്രമാണ്‌ മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന്‌ സർവേ വ്യക്തമാക്കുമ്പോൾ കേരളത്തിൽ ഇത്‌ 32.6 ശതമാനമാണ്‌. ദേശീയ ശരാശരിയേക്കാൾ അഞ്ചു മടങ്ങു കൂടുതലാണിത്.

Read Also: പ്രണയപ്പകയില്‍ പൊലിഞ്ഞത് മിടുക്കിയായ വിദ്യാര്‍ഥിനി; ദേവികയുടെ ഓര്‍മയില്‍ വിദ്യാലയം

കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച (അനീമിയ) ആരോഗ്യ പ്രശ്‌നമാണെന്ന് സർവേയിൽ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളില്‍ പോയിത്തുടങ്ങിയ കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച ഏറ്റവും കുറവ് കേരളത്തിലാണ്. കൗമാരക്കാരില്‍ ഏറ്റവും കുറവ് വിളര്‍ച്ച കാണപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. യൂണിസെഫിന്റെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ശിശുക്ഷേമത്തിലും സംരക്ഷണത്തിലും സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യമുള്ള ഭാവി തലമുറയെ വാർത്തെടുക്കാൻ നടപ്പാക്കുന്ന പദ്ധതികള്‍ വിജയം കാണുന്നതിന്റെ സൂചന കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലെ ദേശീയ സര്‍വേ റിപ്പോര്‍ട്ടിലും കേരളം ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഗര്‍ഭിണിയായിരിക്കുന്ന കാലം മുതല്‍ കുഞ്ഞിന് രണ്ടു വയസാകുന്നതു വരെയുള്ള ആയിരം ദിനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചുവരുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. സമ്പുഷ്ട കേരളം സംസ്ഥാന വ്യാപകമാക്കുന്നതോടെ ഇതിനേക്കാള്‍ അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Child nutrition food kerala leads no 1 health kerala