‘പൊലീസിനും ശിശുപീഡകന്റെ മനോനില’; തിയേറ്റര്‍ പീഡനത്തെ അപലപിച്ച് സ്‌പീക്കര്‍

എടപ്പാൾ ഗോവിന്ദ തിയേറ്ററിൽ നടന്ന ശിശുപീഡനം ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം മരവിച്ച ഈ നരാധമനോട് ചങ്ങരംകുളം പൊലീസിന് എങ്ങനെയാണ് അടുപ്പം കാണിക്കുന്ന മട്ടിൽ പെരുമാറാൻ സാധിച്ചത്

പി.ശ്രീരാമകൃഷ്ണൻ, കേരള സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷം, Opposition, Kerala Speaker, Resolution

തിരുവനന്തപുരം: എടപ്പാളില്‍ നടന്ന തിയേറ്റർ പീഡനം ഹൃദയഭേദകമാണെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ജമ്മുവിലെ ഒരു ക്ഷേത്രത്തിൽ വച്ച് ചവിട്ടിയരക്കപ്പെട്ട പൂ പോലൊരു കൊച്ചു പെൺകുട്ടിയുടെ മായാത്ത ചിത്രം സുമനസുകളിൽ പേടിസ്വപ്‌നമായി കത്തിനിൽക്കുമ്പോഴാണ് ആ മനുഷ്യമൃഗങ്ങളുടെ മനോഭാവമുള്ളവർ ഇങ്ങ് കേരളത്തിലും പുതിയരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘എടപ്പാൾ ഗോവിന്ദ തിയേറ്ററിൽ നടന്ന ശിശുപീഡനം ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം മരവിച്ച ഈ നരാധമനോട് ചങ്ങരംകുളം പൊലീസിന് എങ്ങനെയാണ് അടുപ്പം കാണിക്കുന്ന മട്ടിൽ പെരുമാറാൻ സാധിച്ചത്. ഇക്കാര്യം പരിശോധിച്ചു വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അർഹമായ ശിക്ഷ താമസംവിനാ നൽകണം. നിസഹായയായ ഒരു കൊച്ചുപെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്ന പീഡനവും വേദനയും സങ്കടവും ദൃശ്യ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. ഈ ദൃശ്യങ്ങൾ കൈയ്യിൽ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയോട് ചേർത്തുവയ്ക്കാവുന്നതാണ്. പൊലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നത്. അശരണരോടും പീഡിതരോടും ഒപ്പം നിൽക്കാതെയും സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾ കാറ്റിൽ പറത്തിയും കുറ്റവാളികളെ സഹായിക്കുന്ന ഇക്കൂട്ടർ കുറ്റവാളികൾ തന്നെയാണ്. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി മാതൃകാപരമാണെന്നും സ്‌പീക്കര്‍ പറഞ്ഞു.

‘ആരുമറിയാതെ പോകുമായിരുന്ന ഈ ഹീനകൃത്യം ബഹുജനശ്രദ്ധയിൽ കൊണ്ടുവന്ന തിയേറ്റർ മാനേജ്മെന്റ് അഭിനന്ദനം അർഹിക്കുന്നു. പെൺകുട്ടിയുടെ അമ്മയുടെ സമ്മതത്തോടെ നടന്ന കാര്യമായതിനാൽ കാര്യമാക്കേണ്ടതില്ല എന്ന ധാരണയാണ് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ വച്ചുപുലർത്തിയത് എന്നുവേണം കരുതാൻ. അമ്മയുടെ സമ്മതമുണ്ടെങ്കിൽ അവരും കുറ്റവാളിയാണ്. അത് ഈ കുറ്റകൃത്യത്തിന്റെ തീവ്രത കൂട്ടുകയും ചെയ്യുന്നു. സ്ത്രീ, അവൾ പിഞ്ചുകുട്ടിയായാലും യുവതിയാണെങ്കിലും വൃദ്ധയാണേലും ഉപഭോഗം ചെയ്യാനുള്ള ഉപകരണം മാത്രമാണെന്ന വികൃതവും മനുഷ്യത്വ വിരുദ്ധവുമായ മനോഭാവമാണ് ഇത്തരം കുറ്റകൃത്യങ്ങൾ തുടർച്ചയാകാൻ കാരണം. ഇക്കാര്യം പൊതുസംവാദത്തിനു വിധേയമാക്കണം. കഠിനമായ വിമർശനങ്ങളിലൂടെയും ആവശ്യമെങ്കിൽ ശരിയായ ശിക്ഷണങ്ങളിലൂടെയും ഈ മനോനില മാറ്റിയെടുക്കണം’ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Child molestation in theater speaker condemns the act and blames police

The moderation of comments is automated and not cleared manually by malayalam.indianexpress.com