തൊടുപുഴ: ഇടുക്കി ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ക്കു തടയിടാന്‍ പ്രത്യേക പദ്ധതിയുമായി ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി കരുതല്‍ എന്ന പേരില്‍ തുടക്കമിട്ടു. ഇതിന് പുറമേ പഞ്ചായത്ത് അംഗങ്ങള്‍ക്കു ബോധവല്‍ക്കരണം നല്‍കുന്ന പദ്ധതിയും ആരംഭിച്ചു. ഇടുക്കിയിലും ശൈശവവിവാഹങ്ങൾ വർധിക്കുന്നുവെന്ന കണക്കുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.

കരുതല്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന നാലുപേര്‍ വീതമുള്ള വോളന്റിയര്‍ ഗ്രൂപ്പിനെ തിരഞ്ഞെടുത്ത് പരീശീലനം നല്‍കും. ഈ ടീമിലുള്‍പ്പെടുന്ന കുട്ടികള്‍ തങ്ങളുടെ സ്‌കൂളുകളിലും പ്രദേശങ്ങളിലും ബാലവിവാഹങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിനെ അറിയിക്കുകയും അതുവഴി ബാലവിവാഹങ്ങള്‍ക്കു തടയിടാനാവുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

മൂന്നാറിൽ ആരംഭിച്ച കരുതല്‍ പദ്ധതി ജില്ലയിലുടനീളമുള്ള മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എ.ഷംനാദ് പറഞ്ഞു. ഇതോടൊപ്പം ഓരോ സ്ഥലങ്ങളിലെയും പഞ്ചായത്ത് അംഗങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്ന പദ്ധതിക്കും മൂന്നാറില്‍ തുടക്കമായി. ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച് അവബോധം നല്‍കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്കു തടയിടാനാവുമെന്നാണ് ജില്ലാ ശിശുക്ഷേമ സമിതി അധികൃതരുടെ പ്രതീക്ഷ.

ഇടുക്കി ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ കൂടുന്നുവെന്നാണ് കണക്കുകള്‍. തോട്ടം മേഖലയുമായി ബന്ധപ്പെട്ടാണ് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ശിശുക്ഷേമ സമിതിയുടെയും ചൈല്‍ഡ് ലൈനിന്റെയും നേതൃത്വത്തില്‍ ബാല വിവാഹങ്ങള്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഇത്തരം വിവാഹങ്ങള്‍ തുടരുന്നതായാണ് ശിശുക്ഷേമ സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016-ല്‍ ശിശുക്ഷേമ സമിതിയുടെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ 16 ബാലവിവാഹങ്ങള്‍ തടഞ്ഞപ്പോള്‍ രണ്ടു ബാലവിവാഹങ്ങള്‍ നടന്നു. 2017-ല്‍ 16 ബാലവിവാഹങ്ങള്‍ തടഞ്ഞപ്പോള്‍ നടന്ന വിവാഹങ്ങളുടെ എണ്ണം നാലായി വര്‍ധിച്ചുവെന്നും ശിശുക്ഷേമ സമിതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകള്‍ മാത്രമാണ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് ഇതിലും വര്‍ധിക്കുമെന്നാണ് സൂചനകള്‍.

അടുത്തിടെ 17 വയസുകാരിയെ വിവാഹം ചെയ്തതിനെതിരേ മൂന്നാറിലെ കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ ചൈല്‍ഡ്‌ലൈന്‍ നിര്‍ദേശപ്രകാരം പൊലീസ് ഒരു കേസെടുത്തിരുന്നു. മൂന്നാര്‍ ആനച്ചാല്‍ സ്വദേശിനിയായ 17-കാരി മൂന്നാര്‍ ടൗണിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് യുവാവുമായി പ്രണയത്തിലായത്. തുടര്‍ന്നു ജനുവരി 14 ന്-കുണ്ടളയിലെ ഇയാളുടെ വീട്ടില്‍ വച്ച് വിവാഹം നടത്തുകയും ചെയതു. ഇതാണ് കേസ് ആയത്. വിവാഹത്തിന് ശേഷം ഇരുവരും തമിഴ്‌നാട്ടിലേയ്ക്കു പോയി.

ഒരു മാസം മുമ്പ് ബൈസണ്‍വാലി ചൊക്രമുടി സ്വദേശിനിയായ 15 കാരിയുടെ വിവാഹം നടത്താനുള്ള നീക്കം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞിരുന്നു. അടുത്തിടെ വട്ടവട പഴത്തോട്ടം സ്വദേശിനിയായ 17 കാരിയുടെ വിവാഹം നടത്താനുള്ള നീക്കവും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൃത്യ സമയത്തുള്ള ഇടപെടലിനെത്തുടര്‍ന്നു തടഞ്ഞിരുന്നു. പ്രായ പൂർത്തിയാകാത്തവരുടെ വിവാഹങ്ങള്‍ നടക്കുന്നത് കൂടുതലും പ്ലാന്റേഷന്‍ മേഖലയിലുള്ള തമിഴ് വംശജര്‍ക്കിടയിലും ആദിവാസി സമൂഹങ്ങള്‍ക്കിടയിലുമാണെന്നു ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. 14-മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളുടെ വിവാഹമാണ് നടത്തുന്നത്. പലപ്പോഴും വിവരം അറിയുമ്പോഴേക്കും വിവാഹശേഷം വരനും വധുവും തമിഴ്‌നാട്ടിലേക്കു മാറിയിരിക്കും. ഈ വര്‍ഷം മാത്രം മൂന്നാര്‍ മേഖലയില്‍ പ്രായ പൂർത്തിയാകാത്തവരുടെ രണ്ടു വിവാഹങ്ങള്‍ തടഞ്ഞപ്പോള്‍ രണ്ടു വിവാഹങ്ങള്‍ നടന്നതായാണ് ജില്ലാ ശിശുക്ഷേമ സമിതിയുടെ വിലയിരുത്തല്‍. മധ്യവേനല്‍ അവധിക്കായി സ്‌കൂളുകള്‍ അടച്ചതോടെ ഇത്തരം വിവാഹങ്ങള്‍ കൂടുതല്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും ശിശുക്ഷേമ സമിതി വിലയിരുത്തുന്നു.

ശൈശവ വിവഹാം സൃഷ്ടിക്കുന്ന ആരോഗ്യപരവും നിയമപരവുമായ പ്രശ്നങ്ങളെ കുറിച്ച് മാതാപിതാക്കള്‍ക്കു കാര്യമായ ബോധ്യമില്ലാത്തതും ഇത്തരം വിവാഹങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ സാമൂഹിക സാഹചര്യങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ആചാരങ്ങളും പലയിടത്തും ശൈശവ വിവാഹങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഇതിന് നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കിലും അതേ കുറിച്ച് അറിവില്ലായ്മ ശൈശവ വിവാഹം നടക്കുന്നതിന് കാരണമാകുന്നു.

ഏതാനും വര്‍ഷംമുമ്പ് വയനാട്ടില്‍ ശൈശവ വിവാഹങ്ങളുടെ പേരില്‍ ആദിവാസി സമൂഹത്തില്‍പ്പെട്ട യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. അവിടുത്തെ സാമൂഹികാവസ്ഥ അഭിമുഖീകരിക്കാതെ നിയമത്തിന്റെ മാത്രം പരിഗണനയിലാണ് പൊലീസ് കേസെടുത്തത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. മലപ്പുറം ജില്ലയിലെ ആദിവാസി മേഖലയില്‍ ഉള്‍പ്പടെ ഇതേ പ്രശ്നം ഉയര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ