കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടന്ന ശോഭായാത്രയില്‍ പേരില്‍ മൂന്ന് വയസ്സ് പ്രായം വരുന്ന കുഞ്ഞിനെ മണിക്കൂറുകളോളം ടാബ്ലോ സെറ്റില്‍ കെട്ടിയിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പരിപാടിയുടെ സംഘാടകര്‍ക്കും രക്ഷിതാക്കള്‍ക്കും എതിരെയാണ് കേസ്.
പയ്യന്നൂരില്‍ നടന്ന ശോഭായാത്രയിലായിരുന്നു ക്രൂരത അരങ്ങേറിയത്. ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക രൂപം സൃഷ്ടിക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്ഫോമില്‍ ശ്രീകൃഷ്ണ വേഷം ധരിച്ച മുന്ന് വയസ്സോളം പ്രായമുള്ള കുഞ്ഞിനെ കെട്ടിയിടുകയായിരുന്നു. ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. മൂന്ന് മണിയോടെ വിവിധ വേഷങ്ങള്‍ കെട്ടിച്ചുള്ള കുട്ടികളെ വാഹനങ്ങളില്‍ എത്തിക്കുകയായിരുന്നു.
ഒരാള്‍ ഫെയ്സ്ബുക്കിലൂടെയാണ് സംഭവം പുറത്തറിയിച്ചത്. ആദ്യം പ്രതിമായാണെന്നാണ് കരുതിയെങ്കിലും കൈകാലുകള്‍ അനക്കുന്നത് കണ്ടപ്പോഴാണ് ജീവനുണ്ടെന്ന് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി. കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുകയാണെന്ന് ശ്രീകാന്ത് ഉഷ പ്രഭാകരന്‍ എന്നയാള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. കൂടാതെ വെയില്‍ ഏല്‍ക്കാതെ കണ്ണും അടച്ച് തലചെരിച്ചാണ് കുട്ടി കിടന്നിരുന്നതെന്നും ഇദ്ദേഹം പറയുന്നു. പോസ്റ്റ് വൈറലായതോടെ സംഭവം വിവാദമാവുകയായിരുന്നു.