കൊല്ലം: ആശുപത്രിയിൽ വച്ച് മാറിപ്പോയ നവജാത ശിശുക്കളെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം യഥാർഥ മാതാപിതാക്കൾക്ക് തിരികെ ലഭിച്ചു. മയ്യനാട് സ്വദേശികളായ അനീഷ്-റംസി ദമ്പതികളുടെ മകനും ഉമയനല്ലൂർ സ്വദേശികളായ നൗഷാദ്-ജസീറ ദമ്പതികളുടെ മകനുമാണ് പരസ്‌പരം പ്രസവാനന്തരം മാറിപ്പോയത്. കുട്ടികൾ മാറിയെന്ന സംശയത്തെത്തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് ഇപ്പോൾ കുട്ടികൾക്ക് യഥാർഥ മാതാപിതാക്കളുടെ അടുത്തെത്താനായത്.

കൊല്ലം മെഡിസിറ്റി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഓഗസ്റ്റ് 22നായിരുന്നു റെസിയും ജസീറയും പ്രസവിച്ചത്. പ്രസവ സമയത്ത് തങ്ങൾ വാങ്ങിനൽകിയ ടവ്വലിൽ അല്ല ഇരു കൂട്ടർക്കും കുട്ടിയെ കിട്ടിയത്. മാത്രമല്ല, ജസീറയുടെ കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ടാഗിൽ റംസി എന്നെഴുതിയിരുന്നു. മറ്റേ കുഞ്ഞിന്റെ കൈയ്യിൽ ടാഗ് കെട്ടിയിരുന്നുമില്ല. ഇതാണ് സംശയം ഉളവാക്കാൻ കാരണമായത്.

പിന്നീട് ആശുപത്രി അധികൃതരെ ഇത് അറിയിച്ചിരുന്നെങ്കിലും നല്ല പ്രതികരണം ലഭിക്കാത്തതിനെത്തുടർന്ന് കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതിയുടെ നീണ്ട ആറു മാസത്തെ പരിശ്രമത്തിനൊടുവിലാണ് ഡിഎൻഎ പരിശോധന നടത്തി ഇപ്പോൾ സത്യം തെളിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ