കൊച്ചി: ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിന് ഇരയായി ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്ന മൂന്ന് വയസുകാരന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ സംഘം. തലച്ചോറിന്‍റെ പ്രവർത്തനം നിലച്ചുതുടങ്ങി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിലെ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ട്. മെഡിക്കൽ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു.

കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ അമ്മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.  ജാർഖണ്ഡ് സ്വദേശിയെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം, മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ബാലകൃഷ്ണന്‍, പീഡിയാട്രിക് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വീരേന്ദ്രകുമാര്‍, ന്യൂറോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഹാരിസ് എന്നീ വിദഗ്ധ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഈ സംഘം രാത്രി ഏഴ് മണിയോടെ രാജഗിരി ആശുപത്രിയിലെത്തും. കൂടാതെ സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ആശുപത്രിയുമായി ബന്ധപ്പെടുകയും കുട്ടിയുടെ ചികിത്സയ്ക്കും സുരക്ഷയ്ക്കുമാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി ആരോഗ്യ വകുപ്പ് മന്ത്രി ആശുപത്രി അധികൃതരുമായും സംസാരിച്ചിരുന്നു. ആരോഗ്യ നില മോശമായതിനാല്‍ മറ്റാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘം കുട്ടിയുടെ ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

ഇന്നലെ വെെകീട്ടാണ് ഗുരുതരമായി മർദനമേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തി. ഇതേ തുടർന്നാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നെന്ന് ഡോക്ടർമാർ വിശദമാക്കി. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.