തൊടുപുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴ് വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ല. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന ആദ്യ നിഗമനം മെഡിക്കല്‍ ബോര്‍ഡ് തിരുത്തി. മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ഇപ്പോഴും ജിവന്‍ നിലനിര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. ഡോക്ടര്‍മാര്‍ കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യസംഘം വ്യക്തമാക്കി.

Read More: ഏഴു വയസുകാരന്റെ ചികിത്സ: പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു

സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനു പുറമേ പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊടുപുഴ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ അമ്മയെയും പ്രതി ചേര്‍ക്കാന്‍ കഴിയുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മനഃസാക്ഷി മരവിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതിയുടെ അമ്മാവന്റെ മകന്റെ മകനാണ് മർദനത്തിനിരയായ ഏഴു വയസുകാരൻ. കുട്ടിയുടെ അച്ഛൻ 2018 മേയ് 23ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തുടർന്ന് അരുണുമായി യുവതി അടുപ്പത്തിലായി. 2018 നവംബർ 19ന് ഏഴും മൂന്നരയും വയസുള്ള രണ്ട് ആൺമക്കളുമായി ഇവർ അരുണിനൊപ്പം സ്വന്തം നാടായ തൊടുപുഴയിൽ താമസം തുടങ്ങി. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതു മുതൽ ഇയാൾ കുട്ടികളെയും യുവതിയെയും ക്രൂരമായി മർദിക്കാൻ തുടങ്ങി.

Read More: പ്രാര്‍ത്ഥനയോടെ കേരളം; മർദനമേറ്റ 7 വയസുകാരന് മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്‌ടര്‍മാര്‍

സംഭവദിവസം രാത്രി ഒന്നരയോടെ അരുൺ യുവതിയെയും കൂട്ടി താമസസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയി. സ്വന്തം കാറിലായിരുന്നു യാത്ര. യുവതിയാണ് കാർ ഓടിച്ചത്. ഈ സമയം കുട്ടികൾ രണ്ടു പേരും ഭക്ഷണം കഴിക്കാതെ വാടക വീട്ടിൽ തളർന്നുറങ്ങുകയായിരുന്നു. ഇവരെ മുറിക്കുള്ളിലാക്കി പുറത്തു നിന്ന് പൂട്ടിയിട്ടാണ് ഇരുവരും പോയത്. മൂന്നുമണിയോടെ ഭക്ഷണപ്പൊതിയുമായി തിരിച്ചെത്തിയ ഇരുവരും കുട്ടികളെ വിളിച്ചുണർത്തി. ഇളയകുട്ടി ഉണർന്ന് അടുത്തെത്തിയപ്പോൾ കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ ലക്ഷണം കണ്ടു. കുപിതനായ അരുൺ ഉറങ്ങിക്കിടന്നിരുന്ന ഏഴു വയസുകാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവിനും ഇളയ കുട്ടിക്കും മർദനമേറ്റു.

തല തകർന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെട്ടതോടെ അരുണും യുവതിയും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴും വീട്ടിൽ രക്തം തളംകെട്ടിക്കിടന്ന മുറിയിൽ ഇളയ കുട്ടി തനിച്ചായിരുന്നു. കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് മാതാവും മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ വീണതാണെന്ന് അരുണും പറഞ്ഞതിലുള്ള വൈരുദ്ധ്യം മനസിലാക്കി ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരിയിലേക്ക് അയയ്ക്കുകയും ചെയ്തു. പൊലീസും ശിശുക്ഷേമ സമിതിയും നടത്തിയ അന്വേഷണത്തിലാണ് മർദനവിവരം പുറത്തു വന്നത്. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.