തിരുവനന്തപുരം: ദത്ത് വിവാദ കേസില്‍ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകളെടുത്തു. കുഞ്ഞിന്റെ സാമ്പിളാണ് ആദ്യമെടുത്തത്. രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്ധർ, കുഞ്ഞ് കഴിയുന്ന പാളയത്തെ നിർമല ശിശുഭവനിൽ രാവിലെത്തിയാണ് സാമ്പിള്‍ ശേഖരിച്ചത്. ഉച്ചയ്ക്കുശേഷമാണ് അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ ശേഖരിച്ചത്.
മൂന്നുപേരുടേയും പരിശോധന ഒരുമിച്ച് നടത്തണമെന്ന് രാവിലെ ആവശ്യപ്പെട്ട അനുപമ ഡിഎൻഎ പരിശോധനയില്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പിൾ നൽകിയശേഷവും അനുപമ ആരോപിച്ചു.
സാമ്പിള്‍ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോയെന്ന് ഉറപ്പില്ല. അക്കാര്യത്തില്‍ ആശങ്കയുണ്ട്. സാമ്പിള്‍ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല. ഫോട്ടോ എടുത്തു. എല്ലാം ശരിയായ രീതിയില്‍ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തിനകം, അല്ലെങ്കില്‍ ബുധനാഴ്ച ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അനുപമ പറഞ്ഞു.
ഡിഎന്‍എ സാമ്പിള്‍ രണ്ടായിട്ടേ എടുക്കുകയുള്ളൂവെന്നാണ് അറിയുന്നതെന്നും എന്തിനാണ് അങ്ങനെ ഒരു വാശിയെന്നും അനുപമ രാവിലെ ചോദിച്ചിരുന്നു. അവർ എല്ലാം വ്യക്തിപരമായാണ് കാണുന്നത്. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സിഡബ്ല്യൂസിക്ക് എടുക്കാമെന്ന് നിര്‍ദേശം കൊടുത്തിരിക്കെ അവര്‍ക്കുള്ള അധികാരത്തില്‍ പെരുമാറിക്കൂടെയെന്നും ഇന്നുതന്നെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു.
ഡിഎൻഎ ഫലമനുസരിച്ചായിരിക്കും കുഞ്ഞിന്റെ സംരക്ഷണം ഇനി ആർക്ക് എന്നത് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കുക. 30 നാണ് കുടുംബക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതേസമയം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുന്നില്‍ കുഞ്ഞിനെ ഇന്ന് ഹാജരാക്കും.
ദത്തെടുത്ത ആന്ധ്രാ പ്രദേശിലെ ദമ്പതികളില്‍നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പാളയത്തുള്ള സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടെക്ഷന്‍ ഓഫിസര്‍ക്കാണ് കുഞ്ഞിന്റെ സംരക്ഷണച്ചു മതല.
ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സുണ്ട്: മന്ത്രി വീണ ജോർജ്
ശിശുക്ഷേമ വികസന സമിതിക്ക് ദത്ത് ലൈസന്‍സില്ലെന്ന ആരോപണം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടുത്ത വര്‍ഷം ഡിസംബര്‍ വരെ ദത്ത് നല്‍കാനുള്ള ലൈസന്‍സുണ്ട്. വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നോ നാളെയോ കിട്ടും. ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്നത് ഈ റിപ്പോര്‍ട്ടിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ദത്തുവിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ആ കുഞ്ഞിന്റെ അമ്മ അനുപമയാണെങ്കില്‍ കുഞ്ഞിനെ എത്രയും വേഗം അവര്‍ക്കു കിട്ടട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ദത്ത് നടപടികളുള്ളതിനാല്‍ ഇടപെടാവുന്ന പരമാവധി ഇടപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ സംരക്ഷണവും അതിന്റെ അവകാശങ്ങളും സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന കാര്യമാണ്. അനുപമയെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും പ്രസ്താവനയും വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.