കുട്ടികൾക്കെതിരെയുളള അക്രമം ദിവസവും വാർത്തകളിൽ നിറയുമ്പോൾ എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്ന് പലർക്കും അറിയില്ല. എന്നാൽ കുട്ടികൾക്കെതിരെയുളള അതിക്രമങ്ങൾക്ക് മാറ്റം വരുത്താൻ ഉദ്‌ബോധിപ്പിക്കുന്ന വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് എറണാകുളം സേക്രട്ട് ഹാർട്ട് കോളജ്. യുനിസെഫിന്റെ സഹകരണത്തോടെ നിർമിച്ച വിഡിയോ നടി റിമ കല്ലിങ്കലാണ് അവതരിപ്പിക്കുന്നത്.

സാക്ഷരതയിലും ആയുർദൈർഘ്യത്തിലും ഒന്നാമത് നിൽക്കുന്ന കേരളം അതേസമയം കുട്ടികൾക്ക് നേരെയുളള ലൈംഗിക ചൂഷണത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ്. ഞെട്ടിപ്പിക്കുന്നതെങ്കിലും ആ സത്യം തിരിച്ചറിയണം. ഇതിനെതിരെ മാറ്റം വരുത്തേണ്ടത് നാം ഓരോരുത്തരുമാണ് എന്നും വിഡിയോ ഓർമിപ്പിക്കുന്നു.

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയും ചെറു പ്രായത്തിൽ തന്നെ അവർക്ക് അച്ഛനും അമ്മയും ഒഴികെ മറ്റാർക്കും സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിക്കാനുളള അനുമതിയില്ലെന്ന ഉദ്‌ബോധം ഉണ്ടാക്കണമെന്നും ഈ ലഘു വിഡിയോ ഓർമപ്പെടുത്തുന്നുണ്ട്. നല്ലതും അല്ലാത്തതുമായ സ്‌പർശനങ്ങൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്‌തരാക്കണമെന്നും ഇതിലൂടെ സന്ദേശം നൽകുന്നുണ്ട്.

കുട്ടികളെ ചൂഷണം ചെയ്യുന്നതിൽ ഭൂരിഭാഗവും അവർക്ക് പരിചയമുളളവരാണെന്ന സത്യവും ഇതിൽ പങ്കുവയ്‌ക്കുന്നു. തങ്ങൾക്ക് എന്ത് സംഭവിച്ചാലും കുട്ടികൾക്ക് അത് മാതാപിതാക്കളോട് തുറന്ന് പറയാനുളള സാഹചര്യം ഒരുക്കണമെന്നും ഈ ലഘു ചിത്രം ഉദ്‌ബോധിപ്പിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.