കൊച്ചി: ചെലവന്നൂർ കായലിൽ 114 അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തി.  സർക്കാരിന്റെ സർവേ റിപ്പോർട്ടിലാണ് കയ്യേറ്റങ്ങൾ കണ്ടെത്തിയത്.

കൊച്ചി നഗരസഭ, ഫ്ലാറ്റ് നിർമാതാക്കൾ, മതസ്ഥാപനം, ക്ലബ് എന്നിവയ്‌ക്കു പുറമേ സ്വകാര്യ വ്യക്തികളും കയ്യേറ്റക്കാരാണെന്ന് സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കായൽ കയ്യേറി കോർപ്പറേഷന്റെ പാർക്/വാക് വേ നിർമാണവും സ്വകാര്യ വ്യക്തികളുടെ മതിൽ നിർമാണവും കെട്ടിടങ്ങളുടെ നിർമാണവും നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പ്രവാസി വ്യവസായ പ്രമുഖനും മാധ്യമ സ്ഥാപന ഉടമയും ഉൾപ്പെടുന്നു.

575/1,1053 സർവേ നമ്പരിൽ 0.0196 ഹെക്ടറും 576/2ൽ 0.0383 ഹെക്ടറും 825/1ൽ 0.07 ഹെക്ടറും പ്രവാസി വ്യവസായി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സ്വർണ വ്യാപര രംഗത്തും കെട്ടിട നിർമാണ രംഗത്തും സജീവമായി നിൽക്കുന്ന ഗ്രൂപ്പ് സർവേ നമ്പർ 559ൽ 0.0052 ഹെക്ടറും സർവേ നമ്പർ 10/58ൽ 0.0091 ഹെക്ടറും കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിർമാണം പുരോഗമിക്കുന്ന കൊച്ചി നഗരസഭയുടെ പാർക്കും വാക് വേയും ഉൾപ്പെടുന്ന അമൃത് പ്രൊജക്ടിന് വേണ്ടി സർവേ നമ്പർ 1473ൽ 0.2699 ഹെക്ടർ കയ്യേറിയതായും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള ഈ നിർമാണത്തിനെതിരെ രണ്ട് വിജിലൻസ് കേസും നിലവിലുണ്ട്.

സർവേ നമ്പർ 824/3ൽ 0.029 ഹെക്ടറും 827/1ൽ 0.0129 ഹെക്ടറും പ്രമുഖ മാധ്യമ കുടുംബത്തിലെ രണ്ട് അംഗങ്ങൾ കൈവശപ്പെടുത്തിയതായി റിപ്പോർട്ടിൽ കാണാം. ഇവരെ കൂടാതെ ഒരു ജിംനേഷ്യവും ക്ലബ്ബും കയ്യേറ്റം നടത്തിയവരിൽ ഉൾപ്പെടുന്നു.

Read Also: ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഇനി 13 രൂപ; വിജ്ഞാപനത്തിൽ മുഖ്യമന്ത്രി ഒപ്പിട്ടു

സഹോദരൻ അയ്യപ്പൻ റോഡ് മുതൽ എളംകുളം വരെയുള്ള ഭാഗങ്ങളിലാണ് സർവേ നടത്തിയത്. എളംകുളം, പുണിത്തുറ വില്ലേജുകൾ അതിരിടുന്ന കായലിന്റെ എളംകുളം ഭാഗത്തെ അഞ്ചായി തിരിച്ചും പുണിത്തുറ ഭാഗത്തെ രണ്ടായി തിരിച്ചുമാണ് സർവേ നടത്തിയത്. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് സർവേ നടത്തിയത്.

കായലിലെ അനധികൃത കയേറ്റം ഒഴിപ്പിക്കണമെന്നും തീരപരിപാലന നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് സബ് കലക്‌ടർ റിപ്പോർട്ട് സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.