കണ്ണൂര്‍: ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ കെട്ടിടത്തില്‍ ചട്ടലംഘനം ഉണ്ടെന്ന് റിപ്പോര്‍ട്ട്. സാജന്റെ പാര്‍ഥ ഓഡിറ്റോറിയത്തില്‍ നാല് ചട്ടലംഘനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സിന്റെയാണ് റിപ്പോര്‍ട്ട്. ചീഫ് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് കൈമാറി.

Read Also: പ്രവാസി വ്യവസായിയുടെ ഡയറി കണ്ടെത്തി; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

പാര്‍ഥ ഓഡിറ്റോറിയത്തിലേക്കുള്ള റാമ്പിന്റെ ചരിവ് കുറവാണ്. ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ കൂടുതലാണ്. ആവശ്യത്തിന് ശുചിമുറികളില്ല എന്നിവയാണ് റിപ്പോര്‍ട്ടില്‍ പറയുന്ന ന്യൂനതകള്‍. ഇത് പരിഹരിച്ചാല്‍ അനുമതി നല്‍കാമെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. അനുമതി നല്‍കാതെ നീട്ടികൊണ്ടുപോകാന്‍ മാത്രം ഗുരുതരമായ ചട്ടലംഘനങ്ങളല്ല ഇവ.

Read Also: ‘ഈ മരണം നടുക്കമുണ്ടാക്കുന്നു’; പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി

പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കടുത്ത നിലപാടുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. വ്യവസായി സാജന്റെ മരണം നടുക്കവും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കോടതിക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

ആന്തൂരിൽ 15 കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ പ്രവർത്തനാനുമതി വൈകിപ്പിച്ചതിൽ മനംനൊന്ത് ഉടമ പാറയിൽ സാജൻ ജീവനൊടുക്കിയ സംവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശങ്ങളും ഉത്തരവും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ എടുത്ത കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന് കൈമാറുകയായിരുന്നു.

Read Also: നിപ പരത്താന്‍ സാധ്യതയുള്ള 10 ഇനം വവ്വാലുകള്‍ കൂടി ഉണ്ടെന്ന് പഠനം

എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് കോടതി പറഞ്ഞു. നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ടൗൺ പ്ലാനർ അനുമതി നൽകിയതായി കാണുന്നുണ്ട്. പ്രവാസി മലയാളിയുടെ മരണം സമൂഹത്തിന് നൽകിയത് തെറ്റായ സന്ദേശമാണ്. പദ്ധതികളിൽ പണം മുടക്കുന്നവർക്ക് ഇത്തരം സംഭവങ്ങൾ നിരാശയാണ് നൽകുന്നത്. സംരംഭകർക്കിടയിൽ ആശങ്ക നിലനിൽക്കുകയാണന്നും കോടതി ചൂണ്ടിക്കാട്ടി.

അപേക്ഷകളിൽ തീരുമാനമാകാതെ, ആളുകൾ ഗത്യന്തരമില്ലാതെ അലയുന്നത് കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഒരാൾ ആത്മഹത്യ ചെയ്യുന്നത് അപൂർവ്വമാണ്. മുനിസിപ്പാലിറ്റിയുടെ കർക്കശ നിലപാടാണ് മരണത്തിന് കാരണമെന്ന് മനസിലാക്കാനാവുമെന്ന് കോടതി വ്യക്തമാക്കി. മരിച്ചയാളെ തിരിച്ചു കൊണ്ടുവരാനാവില്ല. അധികൃതർ ഉചിതവും ഫലപ്രദവുമായ നടപടികൾ എടുക്കുകയാണങ്കിൽ അത് സമൂഹത്തിന് പ്രതീക്ഷ നൽകുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ, ആന്തൂർ മുനിസിപ്പാലിറ്റി, ടൗൺ പ്ലാനർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കോടതി കേസെടുത്തിട്ടുള്ളത്. നഗരസഭാ സെക്രട്ടറിയും സർക്കാരും കാര്യങ്ങൾ വിശദീകരിക്കണമെന്ന് കോടതി ഉത്തരവിൽ നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.