ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീംകോടതിയില്‍ മാപ്പ് അപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതി വിധി ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കോടതി വിധി പ്രകാരമുള്ള നടപടി എടുക്കുമെന്നും ചീഫ് സെക്രട്ടറി കോടതിയില്‍ പറഞ്ഞു.
തന്റെ ഭാഗത്തു നിന്നും ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നതായി പറഞ്ഞ ടോം ജോസ് നേരിട്ട് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും കോടതിയില്‍ ബോധിപ്പിച്ചു. 23 നാണ് കോടതിയില്‍ ഹാജരാകേണ്ടത്.
ഫ്‌ളാറ്റ് പൊളിക്കുന്നതിന് താന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചു കൊള്ളാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ചീഫ് സെക്രട്ടറിയുടെ മാപ്പ് അപേക്ഷ.
ആറ് പേജ് വരുന്ന സത്യവാങ്മൂലത്തില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ കടുത്ത പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉദ്ദേശമില്ലെന്നും ഒറ്റയടിക്ക് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സാങ്കേതിക വിദ്യയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ നീക്ഷേപിക്കാന്‍ ഇടമില്ലെന്നും അറിയിച്ചിട്ടുണ്ട്.