scorecardresearch
Latest News

രാജ്ഭവന്‍ മാര്‍ച്ച്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍

ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തെങ്കില്‍ ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

രാജ്ഭവന്‍ മാര്‍ച്ച്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍
ഫയൽ ഫൊട്ടോ

തിരുവനന്തപുരം: എല്‍ ഡി എഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. രാജ്ഭവന്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചത്. അതേസമയം ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചു.

മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തെങ്കില്‍ എന്ത് നടപടി സ്വീകരിച്ചെന്നാണ് രാജ്ഭവന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്‌. രണ്ട് അഡീഷനല്‍ സെക്രട്ടറിമാരടക്കം ഏഴ് ഉദ്യോഗസ്ഥരാണ് നോട്ടീസില്‍ മറുപടി നല്‍കേണ്ടത്. ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തെങ്കില്‍ ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സര്‍വീസിലിരിക്കുന്ന കാലയളവില്‍ രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുക്കുകയോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം.

ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. വിഷയത്തില്‍ രാജ്ഭവന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയതും, ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ താല്പര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ രാജ് ഭവനില്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നല്‍കിയത്.

നവംബര്‍ 15-നാണ് എല്‍.ഡി.എഫ്. ഗവര്‍ണര്‍ക്കെതിരേ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സി. പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ബിജെപി. പുറത്തുവിട്ടിരുന്നു. വിഷയത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Chief secretary issues show cause notice govt employees