തിരുവനന്തപുരം: ഡിജിപി സ്ഥാനത്ത് നിന്ന് വിരമിക്കാൻ നാളുകൾക്ക് മാത്രം ശേഷിക്കുമ്പോഴും സംസ്ഥാന സർക്കാരും സെൻകുമാറും തമ്മിലുള്ള തർക്കത്തിന് ശമനമില്ല. പേഴ്സണൽ സ്റ്റാഫിലെ ജീവനക്കാരെ സ്ഥലം മാറ്റിയ സർക്കാർ ഉത്തരവ് വേഗത്തിൽ നടപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടതിന് പിന്നാലെ എഡിജിപി ടോമിൻ തച്ചങ്കരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ചീഫ് സെക്രട്ടറി സെൻകുമാറിനോട് വിശദീകരണവും തേടി.

ഡിജിപിയെ നിരീക്ഷിക്കാനാണോ എഡിജിപിയായി ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡിജിപി ടിപി സെൻകുമാറിനോട് വിശദീകരണം തേടിയിരിക്കുന്നത്.

സംഭവത്തിൽ ഒരാഴ്ചക്കകം സെൻകുമാറിനോട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ കോടതി സർക്കാരിനോട് തച്ചങ്കരിയുടെ നിയമനത്തിന് പിന്നിലെ യഥാർത്ഥ കാരണം തിരക്കിയത്.

അതേസമയം ഡിജിപിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ട എഎസ്ഐ അനില്‍കുമാറിനെ മാറ്റാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയെ ആഭ്യന്തര സെക്രട്ടറി അനിൽകുമാറിനെ എആർ ക്യാംപിലേക്ക് ഉടനടി മടക്കി അയക്കാനും ആവശ്യപ്പെട്ടു.

ജൂൺ മുപ്പതിനാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി.സെൻകുമാർ വിരമിക്കെണ്ടത്. ഐഎംജി ഡയറക്ടറായി ചുമതലയേറ്റപ്പോഴടക്കം എഎസ്ഐ അനിൽകുമാർ ടിപിസെൻകുമാറിനൊപ്പം ഉണ്ടായിരുന്നു.

നേരത്തേ പിണറായി സർക്കാർ അധികാരം ഏറ്റെടുത്തപ്പോഴാണ് ഡിജിപി ആയിരുന്ന സെൻകുമാറിന് സ്ഥാനം നഷ്ടമായത്. ഇദ്ദേഹത്തിന് പകരം ലോക്നാഥ് ബെഹ്റയെ സർക്കാർ ഡിജിപി ആയി നിയമിച്ചു. എന്നാൽ സുപ്രീം കോടതി വരെ നിയമ പോരാട്ടം നടത്തിയ ടി.പി.സെൻകുമാർ അനുകൂല വിധി നേടിയെടുത്തു.

മെയ് ആറിനാണ് ഇദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയായി തിരികെ ജോലിയിൽ പ്രവേശിച്ചത്. ഒരു മാസക്കാലത്തിനിടെ പൊലീസ് ആസ്ഥാനത്ത് നിരന്തം സെൻകുമാർ പക്ഷവും സംസ്ഥാന സർക്കാർ പക്ഷവും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ