കൊച്ചി: മരട് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാന്‍ സുപ്രീം കോടതി നിർദേശം നല്‍കിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സന്ദര്‍ശനം നടത്തി. ചീഫ് സെക്രട്ടറി എത്തിയതോടെ ഫ്ലാറ്റിലെ താമസക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ നാല് ഫ്ലാറ്റുകളും സന്ദർശിച്ച അദ്ദേഹം മരട് നഗരസഭാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി.
അതേസമയം, മരട് നഗരസഭയിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ അടിന്തരയോഗം ഇന്ന് ചേരും. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഒറ്റയ്ക്ക് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് നഗരസഭ.
ഫ്ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും താമസക്കാരെ പുനരധിവസിപ്പിക്കണമെന്നും സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി കര്‍ശന നിർദേശം നല്‍കിയിരുന്നു. നിയമം ലംഘിച്ച് നിർമിച്ച ഫ്‌ളാറ്റുകള്‍ സെപ്റ്റംബര്‍ 20ന് മുമ്പ് പൊളിച്ചുനീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയത്. ഈ മാസം 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
Read More: കൊച്ചി മരട് നഗരസഭയിലെ 5 അപ്പാർട്മെന്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവ്
കോടതി നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ജയിലിലടക്കുമെന്ന സൂചനയാണ് സുപ്രീം കോടതി നല്‍കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ ജൂലൈയില്‍ തള്ളിയിരുന്നു.
മേയ് എട്ടിനാണ് ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്‌സ് എന്നിവ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.