തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ചുള്ള കേസിലെ ഭിന്നവിധിക്കെതിരായുള്ള റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും. ഭിന്നവിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പരിഗണിക്കുന്നത്. 12-ാം തീയതി ഹര്‍ജി ലോകായുക്തയുടെ ഫുള്‍ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് റിവ്യു ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത്.
ഹർജിയിൽ ഭിന്നവിധിയുണ്ടായതിനെ തുടർന്നാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്. കേസില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും രണ്ടാമന്‍ എതിര്‍ത്തും വിധിയെഴുതി. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയാണ് ഹര്‍ജി. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമാണ് കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഹര്‍ജി ആവശ്യപ്പെടുന്നത്.
വിചാരണ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്.