തിരുവനന്തപുരം: ബജറ്റിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിശദീകരണം നൽകുക.

പൗരത്വനിയമം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും, സംസ്ഥാനത്തിന്‍റെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് ഗവർണർ വിശദീകരണം തേടിയത്. എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിലൂടെ കേരളത്തിലെ ജനങ്ങളുടെ ആശങ്ക അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നാകും സർക്കാർ വിശദീകരണം നൽകുക.

Read More: കൊറോണ വൈറസ്: മരണസംഖ്യ 80 ആയി; 2,700ലധികം പേർക്ക് വൈറസ് ബാധ

പൗരത്വ നിയമ ഭേദഗതിയുള്‍പ്പെടെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നു. എന്നാൽ വിയോജിപ്പ് നീക്കം ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കുമെന്നാണ് വിവരം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഇത്. നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടുകൾ സർക്കാർ ഉൾപ്പെടുത്തുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണം തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിക്കു മുൻപാകെയുളള പ്രശ്നം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നതിലെ നിയമപരമായ പ്രശ്നങ്ങളിൽ രാജ്ഭവൻ പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ട്.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തുകൊണ്ട്‌ നിയമസഭയില്‍ പ്രമേയം പാസാക്കിയത്, നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയിൽ അതൃപ്തനായ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. താൻ വെറും റബ്ബർ സ്റ്റാമ്പല്ലെന്നും കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനെന്ന നിലയിൽ അനുമതി തേടുകയോ അറിയിക്കുകയോ ചെയ്തില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. വിശദീകരണം തേടിയ ഗവര്‍ണറുടെ നടപടിക്ക് പിന്നാലെ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയിരുന്നെങ്കിലും വിശദീകരണം രേഖാമൂലം നൽകാൻ തയാറായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook