തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഡിജിപി ടി.പി.സെൻകുമാറിന് എതിരെ മുഖ്യമന്ത്രി ഇന്ന് സഭയിൽ നടത്തിയ പരാമർശം തെറ്റായിപ്പോയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ടി.പി.സെൻകുമാർ കോടതിയിൽ പറഞ്ഞ കാര്യത്തിന് മുഖ്യമന്ത്രി പരസ്യ പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സിപിഐഎം ആണ് തന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്ന് ടി.പി.സെൻകുമാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ടിപി സെൻകുമാർ രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

സഭാ സമ്മേളനത്തിന്രെ രണ്ടാം ദിനമായ ഇന്ന് മുൻ ഡിജിപിയായ ടി.പി.സെൻകുമാറിന് പോലും സുരക്ഷ ഭീഷണി നിലനിൽക്കുന്നു എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാമർശത്തിനാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിജിപി പദവിക്ക് ചേർന്ന പ്രവർത്തിയല്ല സെൻകുമാർ ചെയ്തതെന്നും അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കോൺഗ്രസുകാരുടെ പാളയത്തിൽ നിന്ന് സെൻകുമാർ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പാളയത്തിലേക്ക് പോയെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് സെൻകുമാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സെൻകുമാർ കോടതിയിൽ​​​ ഉന്നയിച്ച വാദങ്ങൾക്ക് സഭയിൽ മറുപടി പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ