തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദിനംപ്രതിയുളള വാര്‍ത്താ സമ്മേളനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ആറ് മണിക്ക് ആരംഭിക്കുന്ന വാര്‍ത്താ സമ്മേളനം ഇന്നു മുതൽ അഞ്ചു മണിയിലേക്ക് മാറ്റി. റമസാന്‍ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് അഞ്ചു മണിയിലേക്ക് മാറ്റിയത്‌.

നാല് മണിക്ക് നടത്തുന്ന മന്ത്രിസഭാ അവലോകന യോഗം മൂന്ന് മണിക്ക് നടത്താനും തീരുമാനമായി. വൈകിട്ട് 6നും 7നുമിടയ്ക്ക് നോമ്പുതുറ സമയമായതിനാലാണ് അഞ്ചു മുതല്‍ ആറു മണിവരെയുളള സമയത്തിലേക്ക് വാര്‍ത്താ സമ്മേളനം മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ്-19 സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളുമായും ജനങ്ങളുമായും പങ്കുവയ്ക്കുന്നതിനായി ഒരു മാസത്തിലേറെയായി മുഖ്യമന്ത്രി ആറ് മണി മുതൽ ഏഴ് മണിവരെയുള്ള വാർത്താ സമ്മേളനം ആരംഭിച്ചിട്ട്.

Read More: മലയാളിയ്ക്ക് ആശ്വാസം പകര്‍ന്ന ആറു മണി കൂടിക്കാഴ്ചയ്ക്ക് വിരാമമാകുമ്പോള്‍

ആദ്യഘട്ടത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണു കോവിഡ്-19 സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരുന്നത്. കോവിഡ്-19 പ്രതിരോധത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച, ‘ടീച്ചറമ്മ’ എന്ന വിളിപ്പേര് ലഭിച്ച കെ.കെ.ശൈലജയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണു ലഭിച്ചിരുന്നത്. മാര്‍ച്ച് 12 മുതലാണു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താന്‍ തുടങ്ങിയത്. ഒഴിവു ദിനങ്ങളില്‍ മാത്രമാണു വാര്‍ത്താ സമ്മേളനം ഇല്ലാതിരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പ് പ്രസ്താവനയിലൂടെയാണ് വിവരങ്ങള്‍ അറിയിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് റൂമിലാണ് ആദ്യം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്. സാമൂഹ്യം അകലം പാലിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലം ആവശ്യമായി വന്നതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനോടു ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിങ് ഏരിയയിലേക്കു വാര്‍ത്താ സമ്മേളനം മാറ്റി. ഒടുവില്‍, മുഖ്യമന്ത്രി കോണ്‍ഫറന്‍സ് റൂമില്‍ ഇരുന്ന് തന്നെ വാര്‍ത്താ സമ്മേളനം നടത്തുകയും മാധ്യമപ്രവര്‍ത്തകരുടെ ഇരിപ്പിടം പിആര്‍ഡി ചേംബറിലേക്കു മാറ്റുകയുമായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴിയാണു മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും സംവദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.