കൽപറ്റ: ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി.വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. അദ്ദേഹത്തോടൊപ്പം മന്ത്രിമാരായ ഇ.പി.ജയരാജനും കടന്നപ്പള്ളി രാമചന്ദ്രനും ഉണ്ടായിരുന്നു.

വസന്തകുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്തു. വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താന്‍ ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

വയനാട് വെറ്റിനറി സർവകലാശാലയിലെ താത്കാലിക ജീവനക്കാരിയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന. ഈ ജോലി സ്ഥിരപ്പെടുത്തുകയും കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യും.

ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ വസന്തകുമാര്‍ ഉള്‍പ്പെടെ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ 17 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ജെയ്ഷെ മുഹമ്മതിന്റെ മൂന്ന് കമാന്‍ഡര്‍മാരെയും സൈന്യം വധിച്ചു.

ജെയ്ഷെ മുഹമ്മദിന്റെ കശ്മീര്‍ താഴ്‌വരയിലെ കമാന്‍ഡര്‍ കമ്രാന്‍ ആണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍. ഇയാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്. പുല്‍വാമയില്‍ ചാവേറാക്രമണത്തിനുളള പദ്ധതി തയാറാക്കിയത് ഇയാളെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍ സ്വദേശിയായ റാഷിദ്, കശ്മീര്‍ സ്വദേശിയായ ഹിലാല്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ